ജാംനേര്‍ (മഹാരാഷ്‌ട്ര): ജല്‍ഗാവ് ജില്ലയിലെ ജാംനേര്‍ നഗരസഭയിലെ മുഴുവന്‍ സീറ്റും ബിജെപിക്ക്. നഗരസഭാ അദ്ധ്യക്ഷ സ്ഥാനം എന്‍സിപിയെ തോല്‍പ്പിച്ച് ബിജെപി പിടിച്ചെടുത്തു. മഹാരാഷ്‌ട്രയിലെ മന്ത്രി ഗിരീഷ് മഹാജന്റെ ഭാര്യ അഞ്ജലി പവാര്‍ 8,400 വോട്ടുകള്‍ക്കാണ് വിജയിച്ചത്. (ചിത്രം: ഗിരീഷ് മഹാജനും ഭാര്യ ജഞ്ജലിയും)
എന്‍സിപി വലിയ ജാതി രാഷ്‌ട്രീയം കളിച്ചെങ്കിലും ബിജെപി വിജയിച്ചു. മാലി സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാണ് എന്‍സിപി മത്സരിപ്പിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ചായിരുന്നു ബിജെപിയെ തോല്‍പ്പിക്കാനിറങ്ങിയത്. പക്ഷേ, ഒറ്റ സീറ്റിലും അവര്‍ക്ക് ജയിക്കാനായില്ല.
മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വലംകൈയായാണ് ഗിരീഷ് മഹാജന്‍ അറിയപ്പെടുന്നത്. മന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി വിജയത്തിനു കാരണമെന്ന് എന്‍സിപി നേതാക്കള്‍ കുറ്റപ്പെടുത്തി. ”15 ദിവസം മന്ത്രി നഗരത്തില്‍ത്തങ്ങി പ്രചാരണം നടത്തി. ഓരോ വീടും കയറിയിറങ്ങി. ഓരോ വോട്ടര്‍മാര്‍ക്കും 5000 രൂപവീതം വാഗ്ദാനം ചെയ്തു. ഇത് പണവും കായബലവും കൊണ്ട് നേടിയ വിജയമാണ്,” എന്‍സിപി ആരോപിച്ചു.
”തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രചരണം നടത്തണമെന്നത് പാര്‍ട്ടികളുടെ തീരുമാനമാണ്. പണം കൊടുത്തുവെന്നോ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നോ തെളിയിക്കാന്‍ എന്‍സിപി നേതാക്കളെ വെല്ലുവിളിക്കുന്നു,”വെന്ന് ബിജെപി നേതാക്കള്‍ തിരിച്ചടിച്ചു.
പ്രദേശത്തെ ബിജെപി നേതാവയിരുന്ന ഏക്‌നാഥ് ഖഡ്‌സേ പാര്‍ട്ടിവിട്ടുപോയിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലെ ബിജെപി വിജയം എന്ന പ്രത്യേകതയും ഇതിനുണ്ട്.
















