കൊച്ചി/ആലപ്പുഴ: ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദ്ദനം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റിരുന്നതായും മുറിവുകള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ മര്‍ദ്ദനം നടന്നിട്ടില്ലെന്ന പോലീസ് വാദം പൊളിഞ്ഞിരിക്കുകയാണ്. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ പൂര്‍ണ്ണമായും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് അസി. പ്രൊഫ.ഡോ. സക്കറിയ തോമസിന്റെ നേതൃത്വത്തില്‍ ഡോ. ശ്രീലക്ഷ്മി, ഡോ. സ്‌നേഹല്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത്.
കൈ കാലുകള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആയുധം കൊണ്ടുള്ള മുറിവുകളൊന്നും ശരീരത്തിലില്ലായിരുന്നു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയയ്‌ക്കും.
















