ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണം തടസ്സം നീക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൂട്ടുപുഴയില്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. തലേശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ടിപി നിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തി തടസ്സപ്പെട്ട് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയത്തിനെതിരെയാണ് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടുപുഴയില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചത്. മലയോര ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന്റെ ആദ്യപടിയായാണ് സമരം. സ്ഥലം സന്ദര്‍ശിക്കാത്ത ജില്ലാ കളക്ടര്‍ ഉള്‍പടെയുള്ളവരുടെ നിക്ഷേധാത്മക നിലപാടാണ് പ്രശ്‌നം വഷളാക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
















