തളിപ്പറമ്പ്: അടച്ചുതീര്‍ത്ത വീട്ടുനികുതി അടയ്‌ക്കണമെന്ന് കാണിച്ച് നഗരസഭയുടെ നോട്ടീസ് ലഭിച്ചപ്പോള്‍ നഗരവാസികള്‍ അങ്കലാപ്പിലായി. തളിപ്പറമ്പ് നഗരവാസികള്‍ക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷമുള്‍പ്പെടെ വീട്ടുനികുതി അടച്ചവര്‍ക്കും 2013-14 മുതല്‍ 207-18 വര്‍ഷം വരെയുള്ള നികുതി മാര്‍ച്ച് 31ന് മുമ്പ് അടയ്‌ക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്കിയിരിക്കുന്നത്. വാര്‍ഷിക നികുതി, ഗ്രന്ഥശാല വരി, സേവന ഉപനികുതി എന്നിവ കൂട്ടിയാണ് ഓരോ വര്‍ഷത്തെയും നികുതി കണക്കാക്കിയിരിക്കുന്നത്. അര്‍ദ്ധവാര്‍ഷിക ഗഡു പിഴ കൂടാതെ അടയ്‌ക്കാനുള്ള തീയ്യതിയും നോട്ടീസില്‍ കാണിച്ചിട്ടുണ്ട്. അവയും മുന്‍ വര്‍ഷങ്ങളിലെ തീയ്യതിയാണ്.
ഡിമാന്‍ഡ് നോട്ടീസില്‍ പറഞ്ഞിരിക്കുന്ന തുക നോട്ടീസ് കിട്ടി 15 ദിവസത്തിനകം അടയ്‌ക്കാന്‍ വീഴ്‌ച്ച വരുത്തിയാല്‍ നികുതിക്കു പുറമെ നോട്ടീസ് പടി, രജിസ്‌ട്രേഡ് തപാല്‍ ചെലവ് ഉള്‍പ്പെടെ ഈടാക്കുന്നതിന് 2011ലെ കേരള മുന്‍സിപ്പാലിറ്റി ചട്ടങ്ങളിലെ 19-ാം ചട്ടപ്രകാരം ജപ്തി, പ്രോസിക്യൂഷന്‍, വ്യവഹാരം എന്നീ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരു നോട്ടീസ് കിട്ടിയപ്പോള്‍ മുമ്പുതന്നെ നികുതി അടച്ചവര്‍ അവരുടെ പക്കലുള്ള രസീത് പരിശോധിച്ചപ്പോള്‍ ചില്ലറ വ്യത്യാസം മാത്രമേ നോട്ടീസും അടച്ച തുകയും തമ്മിലുള്ളു. എന്നാല്‍ നോട്ടീസില്‍ കാണിച്ചിരിക്കുന്ന ഡിമാന്‍ഡ് നമ്പറും പണമടച്ചപ്പോള്‍ ലഭിച്ച രസീതിലെ ഡിമാന്‍ഡ് നമ്പറും രണ്ടാണ്. ഇപ്പോള്‍ ലഭിച്ച നോട്ടീസില്‍ കാണിച്ചിരിക്കുന്ന പഴയ കെട്ടിട നമ്പറില്‍ത്തന്നെയാണ് കഴിഞ്ഞ വര്‍ഷം വരെ എല്ലാവരും കെട്ടിട നികുതി അടച്ചിരിക്കുന്നത്. 2013-14 മുതലുണ്ടായ വര്‍ദ്ധിച്ച തുക അടയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം നഗരവാസികളെ ആശങ്കയിലാക്കുന്ന വിധം അധികൃതര്‍ നോട്ടീസ് നടത്തിയത് എന്തിനാണ് എന്നണ് ചിലര്‍ ചോദിക്കുന്നതെങ്കില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ അടച്ച കെട്ടിട നികുതി എവിടെപ്പോയി എന്ന സംശയത്തിലാണ്.















