ബെംഗളൂരു: വാഗ്ദാനം പാലിച്ചില്ലെന്ന പരാതി, ശക്തമായ ഭരണവിരുദ്ധ വികാരം, അഴിമതിയോടുള്ള എതിര്‍പ്പ്, വിലക്കയറ്റം- തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന കര്‍ണ്ണാടകത്തിലെ ജനാഭിപ്രായം ഇതാണ്. ബിജെപി ഭരിക്കണമെന്ന് 20 ശതമാനം പേരും ജനതാദളുമായി ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് 53 ശതമാനവും പറയുന്നു. പക്ഷേ മികച്ച മുഖ്യമന്ത്രിയായി ജനങ്ങള്‍ പറയുന്നത് എച്ച്.ഡി. കുമാരസ്വാമിയെ, തൊട്ടു പിന്നില്‍ യഡ്യൂരപ്പ. ഇതെല്ലാം വെച്ചു നോക്കുമ്പോള്‍ കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഥയായിരിക്കുമെന്ന് ജനാഭിപ്രായ സര്‍വ്വേ നടത്തിയ ഏജന്‍സിയായ ചാണക്യ പറയുന്നു. മാര്‍ച്ച് 25 നു മുമ്പ് പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ടു പ്രകാരമാണ് നിഗമനം.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോടു പിണങ്ങിപ്പിരിഞ്ഞ ബി.എസ്. യഡ്യൂരപ്പ പാര്‍ട്ടിയില്‍ മടങ്ങിവന്നത് ബിജെപിക്ക് ഗുണകരമോ എന്ന ചോദ്യത്തോട് സര്‍വേയില്‍ പ്രതികരിച്ച 87 ശതമാനം പേരും അതെയെന്ന് പറഞ്ഞു. 42 ശതമാനം പേര്‍ പറയുന്നത് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം വിലക്കയറ്റവും നാണ്യപ്പെരുപ്പവുമാണെന്നാണ്. 19 ശതമാനം പറയുന്നത് അഴിമതിയാണെന്നാണ്. തൊഴിലില്ലായ്‌മയാണ് 14 ശതമാനത്തിന് വിഷയം. ക്രമസമാധാനമാണ് വിഷയമെന്ന് ഏഴ് ശതമാനം പേരും പ്രാദേശിക വിഷയങ്ങളിലാണ് തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കപ്പെടുകയെന്ന് നാലു ശതമാനവും പറയുന്നു.
ബിജെപി ഭരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ പറയുന്നു. 16 ശതമാനമാണ് കോണ്‍ഗ്രസ് ഭരണം വേണമെന്ന അഭിപ്രായക്കാര്‍. 11 ശതാനം ജനതാദള്‍ ഭരിക്കണമെന്ന് പറയുമ്പോള്‍ ജനതാദളുമായി ചേര്‍ന്ന സഖ്യസര്‍ക്കാര്‍ ഭരിക്കണമെന്ന് 53 ശതമാനം നിലപാടു വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് 69 ശതമാനം പേര്‍ പറയുന്നു. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ എച്ച്.ഡി. കുമാരസ്വാമിയെ നിര്‍ദ്ദേശിക്കുന്നു. 28 ശതമാനം യഡ്യൂരപ്പയുടെ പേര്‍ പറയുമ്പോള്‍ 22 ശതമാനം സിദ്ധരാമയ്യയെ നിര്‍ദ്ദേശിക്കുന്നു.
മേഖല തിരിച്ചുള്ള കണക്കുകളില്‍ മുംബൈ കര്‍ണ്ണാടക, മദ്ധ്യകര്‍ണ്ണാടക, തീരദേശ കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ബിജെപിക്കാണ് ജനപിന്തുണ കൂടുതല്‍. പഴയ മൈസൂരില്‍ ജനതാദളിനും ഹൈദരാബാദ് കര്‍ണ്ണാടക, ബെംഗളൂരു എന്നീ മേഖലകളില്‍ കോണ്‍ഗ്രസിനുമാണ് ജനപിന്തുണയെന്ന് സര്‍വേ പറയുന്നു.
















