ന്യൂദല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് വിക്ഷേപിച്ചത്.
പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്. മിസൈല്‍ വിക്ഷേപണം രാജ്യസുരക്ഷക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്നും ഈ അവസരത്തില്‍ ഡിഫന്‍സ് റിസെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഓരോ അംഗത്തിനും അഭിനന്ദനം അറിയിക്കുന്നതായും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ നവംബറില്‍ ബ്രാഹ്മോസ് സുഖോയ് വിമാനത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹമോസിന്റെ വിക്ഷേപണം നടന്നത്. ബ്രഹ്മോസ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കുകയും ചെയ്തിരുന്നു.
















