കൊച്ചി: വിവാദമായ വസ്തു ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ സഭയുടെ അന്വേഷണ റിപ്പോര്‍ട്ടും തെളിവായേക്കും. സഭാ നിയമങ്ങള്‍ പോലും പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും സഭയ്‌ക്കും കര്‍ദ്ദിനാളിനും വീഴ്ചപറ്റിയിട്ടുണ്ടെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. വസ്തു ഇടപാടിലൂടെ സഭയ്‌ക്ക് 40 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തന്നെ തെളിവായി സ്വീകരിച്ച് പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാനാകും.
സഭയുടെ പരാമധികാരിയായ കര്‍ദ്ദിനാള്‍ നടത്തുന്ന ഇടപാടുകളെ പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നായിരുന്നു വാദം. എന്നാല്‍, അതിരൂപതയ്‌ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദ്ദിനാളെന്നും സ്വത്തുക്കള്‍ അതിരൂപതയുടേതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതുകൊണ്ടുതന്നെ സഭയുടെ സാമ്പത്തിക ഇടപാടില്‍ നഷ്ടം വരുത്തിയത് വഞ്ചനാക്കുറ്റമായി കണക്കാക്കി കര്‍ദ്ദിനാളിനെതിരെ കേസെടുക്കാം.
സഭയിലെ 458 പാതിരിമാരില്‍ 90 ശതമാനം പേരും കര്‍ദ്ദിനാളിന്റെ വസ്തു ഇടപാടിനെ പിന്തുണയ്‌ക്കുന്നില്ല. കൂടാതെ, ഭൂരിഭാഗം വിശ്വാസികള്‍ക്കും സഭയുടെ പണം നഷ്ടമായത് സഹിക്കാനായിട്ടില്ല. പോലീസ് അന്വേഷണത്തിന് അതുകൊണ്ടുതന്നെ ഇവരും തെളിവ് നല്‍കിയേക്കും.
















