ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കുട്ടനാട് വികസനസമിതിയുടെ ഒത്താശയോടെ നടന്ന കൂടുതല്‍ വായ്‌പാ തട്ടിപ്പുകള്‍ പുറത്തു വന്നിട്ടും സഭ മൗനം പാലിക്കുന്നതില്‍ ദുരൂഹത. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങി സീറോ മലബാര്‍ സഭ മാനക്കേടില്‍ നില്‍ക്കുമ്പോഴാണ് പാതിരി നയിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പല വന്‍ തട്ടിപ്പുകളും പുറത്തു വരുന്നത്. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസന സമിതി ഭവന വായ്‌പകളിലും തട്ടിപ്പ് നടത്തിയെന്ന പരാതികളും പുറത്തു വന്നു തുടങ്ങി.
പുളിങ്കുന്ന് പഞ്ചായത്ത് മറ്റപ്പള്ളി വീട്ടില്‍ ജി. മോഹനനാണ് തട്ടിപ്പിനിരയായതായി ബാങ്കില്‍ പരാതി നല്‍കിയത്. സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ഗ്രൂപ്പിലെ ഓരോ അംഗത്തില്‍ നിന്നും 10,000 രൂപവീതം കമ്മീഷനായി വാങ്ങി അഞ്ചു ലക്ഷം രൂപ വായ്‌പ സംഘടിപ്പിച്ചു നല്‍കിയും, തിരച്ചടവ് പണം ബാങ്കിന് നല്‍കാതെയുമാണ് തട്ടിപ്പ് നടന്നത്. സമിതിയംഗങ്ങള്‍ വായ്‌പ തിരിച്ചടവ് തുക വികസനസമിതിക്ക് നല്‍കിയെങ്കിലും ബാങ്കില്‍ അടച്ചില്ല. ബാങ്കിന്റേതിന് സാമ്യമുള്ള പാസ്ബുക്കില്‍ പണം കൈപ്പറ്റിയെന്ന് രേഖപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
2005ല്‍ മോഹനനുള്‍പ്പെടെ 14 അംഗങ്ങളെ ഉള്‍പ്പെടുത്തി ‘ഒരുമ സെല്‍ഫ് ഹാബിറ്റാറ്റ് ഡെവലപ്പ്‌മെന്റ് സ്വയംസഹായസംഘം’ എന്ന പേരില്‍ സ്വയം സഹായസംഘം തുടങ്ങിയിരുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനു വായ്‌പ നല്‍കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരുമ ഗ്രൂപ്പിന്റെ പേരില്‍ ആലപ്പുഴ എസ്ബിഐ ഏഡിബി ബ്രാഞ്ചില്‍ നിന്നു 6,50,000 രൂപ വായ്‌പയെടുപ്പിച്ചു. അംഗങ്ങളെക്കൊണ്ട് വായപാരേഖകളില്‍ ഒപ്പിട്ടുവാങ്ങുകയും ബാക്കി ഇടപാടുകള്‍ വികസനസമിതി നേരിട്ട് നടത്തുകയുമായിരുന്നു.
കുട്ടനാട് കേന്ദ്രീകരിച്ചു കാര്‍ഷിക വായ്‌പതട്ടിപ്പുകള്‍ മിക്കതും വ്യാജമേല്‍വിലാസവും രേഖകളും നല്‍കിയാണെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. ബാങ്ക് ഉദ്യാഗസ്ഥരും കുട്ടനാട് വികസന സമിതി അടക്കമുള്ള സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരു പതിറ്റാണ്ടിലേറെയായി നടത്തിയ തട്ടിപ്പ് ശതകോടികള്‍ വരും.
















