കണ്ണൂര്‍: ഭാരതത്തില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ എന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ. കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി ബി ജെപി സംഘടിപ്പിച്ച ഏകാത്മ മാനവദര്‍ശനം പുസ്തക വിതരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതേതരത്വം നിലനിന്നില്ലെങ്കില്‍ നമുക്ക് ഇതുപോലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കില്ല.
ബ്രിട്ടീഷുകാര്‍ ഭരണം നിലനിര്‍ത്താന്‍ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന നയം തന്നെയാണ് ഇവിടെ ചിലര്‍ നടപ്പിലാക്കുന്നത്. ഭാരതത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കം പുറത്ത് ആരംഭിച്ച് കഴിഞ്ഞു. ഇസ്ലാമിക് ബാങ്കിന്റെ രൂപീകരണം ഇതിന്റെ മുന്നൊരുക്കമാണ്.
ഖുറാനില്‍ മാനവരേ എന്ന് മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. സ്ത്രീ എന്നോ പുരുഷനെന്നോ പ്രത്യേകിച്ച് അഭിസംബോധന ചെയ്യുന്നില്ല. 1400 വര്‍ഷമായി നിലനിന്ന് വരുന്ന ദുരാചാരത്തിന് അറുതി വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിര്‍ത്തലാക്കിക്കൊണ്ട് ബില്ല് കൊണ്ടുവന്നത്. മുത്തലാഖ് ബില്‍ പാസ്സാകേണ്ടത് കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ്.
ഇത് നടപ്പില്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തന്റെ ലക്ഷ്യം സമൂഹത്തെ നവീകരിക്കുകയെന്നത് മാത്രമാണ്. അനീതിക്കെതിരെ ചെറുവിരലനക്കാനെങ്കിലും സാധിച്ചാല്‍ അതിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു.
മതപാഠശാലകളില്‍ വിദ്വേഷം കുത്തിവെച്ച് അത്തരക്കാര്‍ പടുമരങ്ങളായി വളരുമ്പോള്‍ മുറിച്ച് മാറ്റാന്‍ സാധിക്കാത്ത വിധത്തില്‍ സാമൂഹ്യ വിപത്തായി മാറുന്നു. കാലത്തിനൊത്ത് പരിഷ്കരിക്കാതെ പറഞ്ഞത് തന്നെ പറയുകയാണ് പുരോഹിതന്മാര് ചെയ്യുന്നത്. ജുമാ നമസ്കാരത്തിന് നേതൃത്വം നല്കിയ തനിക്കെതിരെ പൗരോഹിത്വം ഉറഞ്ഞാടിയപ്പോള്‍ തനിക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക നായകന്മാരുണ്ടായില്ല. തന്നെ കൊലപ്പെടുത്താന്‍ പോലും ചിലയാളുകള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്തവരാണ് കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നത്. അക്രമിക്കപ്പെട്ടുവെന്ന് നുണപ്രചാരണം നടത്തിയാണ് കുരീപ്പുഴ രംഗത്ത് വന്നതെന്നും ജാമിത ടീച്ചര്‍ പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷനായി. ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് ആമുഖ ഭാഷ ണം നടത്തി. കെ.കെ.വിനോദ് കുമാര്‍, എം.കെ.വിനോദ് പ്രസംഗിച്ചു.
















