കോഴിക്കോട്: അവാര്‍ഡ് നേടുകയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ ലക്ഷ്യമെങ്കില്‍ അതിന് വളഞ്ഞവഴി വേണ്ടെന്ന് മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരന്റെ പൗത്രനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ ഉള്ളൂര്‍.എം.പരമേശ്വരന്‍. കുരീപ്പുഴ ശ്രീകുമാറിന്റെ അവഹേളന പ്രസംഗത്തിനെതിരെ സാമൂഹമാധ്യമ കൂട്ടായ്‌മ ‘മിഠായിത്തെരുവുക്കൂട്ടം’ സംഘടിപ്പിച്ച ‘ചില കവികള്‍ കള്ളം പറയുമ്പോള്‍ പ്രതിഷേധകൂട്ടായ്‌മയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
അയ്യപ്പനേയും തിരുപ്പതി ക്ഷേത്രത്തേയുമൊക്കെ പലരും താത്വികമായി വിമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം ഹിന്ദുസമൂഹം ബൗദ്ധികമായ വിമര്‍ശനമായി കണക്കാക്കിയിട്ടുണ്ട്. ഏത് മതത്തേയും ആര്‍ക്കും വിമര്‍ശിക്കാം, പക്ഷെ അവഹേളിക്കരുത്. ഇതിഹാസങ്ങള്‍ എഴുതപ്പെട്ടത് സാധാരണക്കാരന് വേണ്ടിയാണ്. അതിലെ നല്ലവശങ്ങള്‍ എടുത്ത് ചീത്തയായവ കളയണം. അല്ലാതെ ചീത്തവശങ്ങള്‍ പൊക്കിപ്പിടിച്ച് നടക്കുകയല്ല വേണ്ടത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളുടെ പ്രശസ്തിയില്‍ അസഹിഷ്ണുത പൂണ്ടവരാണ് അവഹേളനവുമായി എത്തുന്നത്.
ഹിന്ദുസമൂഹത്തെ അവഹേളിക്കാന്‍ ആസൂത്രിത പദ്ധതി യുണ്ട്. പണ്ടുകാലത്തെ യുക്തി വാദികള്‍ മാന്യമായാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇപ്പോഴുള്ളവര്‍ക്ക് നിലവാരത്തകര്‍ച്ച സംഭവിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പണം കൈപ്പറ്റി് അവരെത്തന്നെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഉള്ളത്. വിമര്‍ശനങ്ങള്‍ മാന്യമായിരിക്കണം. ഹിന്ദുമതത്തെ ഇല്ലായ്‌മ ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഠായിത്തെരുവിലെ എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമയക്ക് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്‌മ ഗുവായൂരപ്പന്‍ കോളേജിലെ മലയാള അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ ശ്രീശൈലം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ വത്സന്‍ നെല്ലിക്കോട്, സുവര്‍ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















