അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനു ശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയില്‍ സംഘര്‍ഷം.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം പുതുവല്‍ സിബിച്ചന്റെ ഭാര്യ ബാര്‍ബറ (36)യാണ് മരിച്ചത്. കഴിഞ്ഞ 22ന് പ്രസവത്തിനായി പ്രവേശിപ്പിച്ച ബാര്‍ബറ 23ന് പെണ്‍കുട്ടിയെ പ്രസവിച്ചു. നാലു ദിവസത്തിനു ശേഷം ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ ഗ്യാസാണെന്നു പറഞ്ഞു മരുന്നു നല്‍കി മടക്കി അയച്ചു. എന്നാല്‍ രോഗം മാറാതെ വന്നതോടെ വീട്ടമ്മയെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. രോഗകാരണം എന്താണെന്നു പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ ബാര്‍ബറയെ വെന്റിലേറ്ററിലേക്കു മാറ്റി.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു. ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. പോലീസിലും പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ അറിയിച്ചു. ബാര്‍ബറയുടെ മൃതദേഹം ഇന്ന് വണ്ടാനം മേരീക്യൂന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മകള്‍: സോന (ആറര വയസ്).
ഇവിടെ പ്രസവിച്ച പുന്നപ്ര സ്വദേശിനി യുവതിയുടെ വയറ്റില്‍ നിന്ന് കോട്ടണ്‍വേസ്റ്റ് പുറത്ത് വന്ന സംഭവം വിവാദമായിരിക്കെയാണ് ചികിത്സാപ്പിഴവ് മൂലം മറ്റൊരു യുവതിക്ക് ജീവന്‍ നഷ്ടമായത്. പ്രസവ ശേഷം ഒന്‍പതാം ദിവസമാണ് ഇരുപത്തിയൊന്നുകാരിയുടെ വയറ്റില്‍ നിന്ന് കോട്ടണ്‍ വേസ്റ്റ് പുറത്തുവന്നത്. വയറുവേദനയെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ കയറിയപ്പോഴാണ് മൂന്ന് മീറ്ററോളം നീളമുള്ള തുണി പുറത്ത് വന്നത്. യുവതിയെ സ്‌കാനിങിന് വിധേയയയാക്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















