ന്യൂദല്‍ഹി: 2005ലെ ഹിന്ദു പിന്തുടര്‍ച്ചാ അവകാശ നിയമ പ്രകാരം പെണ്‍മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശമുണ്ടെന്നും ഇത് 2005 നു മുന്‍പ് ജനിച്ചവര്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഭേദഗതി വരുത്തിയ നിയമപ്രകാരം ആണായാലും പെണ്ണായാലും ഭാഗം ചെയ്യാത്ത സ്വത്തില്‍ ഒരുപോലെയാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് സഹോദരിമാര്‍ സ്വത്തുതര്‍ക്കം സംബന്ധിച്ച് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2007ല്‍ വിചാരണ കോടതിയും ഹൈക്കോടതിയും ഇവരുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
നിയമം പ്രാബല്യത്തില്‍ വന്നത് 2005ലാണെങ്കിലും അതിനു മുന്‍പ് ജനിച്ചവര്‍ക്കും നിയമം ബാധകമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
















