കൊച്ചി: മാനസിക വൈകല്യമുള്ള സ്ത്രീയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം വെച്ച് പൊള്ളിക്കുകയും ചെയ്ത കേസില്‍ പിടിയിലായ അയല്‍വാസികളായ മൂന്നുസ്ത്രീകളും റിമാന്റില്‍. പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്പില്‍ മോളി(44), പാറക്കാട്ടില്‍ ഡീന (37) എന്നിവരെയാണ് ഞാറയ്‌ക്കല്‍ കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ചെറായി പള്ളിപ്പുറം വിയറ്റ്‌നാം കോളനിയിലെ കാവാലം കുഴിയില്‍ സിന്‍ട്ര ആന്റണി(48)യെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മുനമ്പം പോലീസ് മൂന്ന് സ്ത്രീകളെയും അറസ്റ്റു ചെയ്തത്. സിന്‍ട്രയുടെ ഭര്‍ത്താവ് ആന്റണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കൂടുതല്‍ സ്ത്രീകള്‍ മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ചായക്കടയില്‍ ഇരിക്കുന്നതിനിടെ വലിച്ചിഴച്ച് റോഡിലിട്ടാണ് മര്‍ദ്ദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള സിന്‍ട്ര ആന്റണി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ സിന്‍ട്രയെ മുനമ്പം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍, മുനമ്പം പോലീസ് ഇടപെട്ട് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ മര്‍ദ്ദിച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനായി പോലീസിന്റെ കേസന്വേഷണം നിരീക്ഷിക്കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.
സിന്‍ട്ര ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായി കാട്ടി ഒരുകൂട്ടം സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇവരെ പിടികൂടി നല്‍കിയാല്‍ നോക്കാമെന്ന് പോലീസ് പറഞ്ഞതായാണ് വിവരം. മുട്ടിനു താഴെ അടിച്ചോളൂ, ബാക്കി തങ്ങള്‍ നോക്കിക്കൊള്ളാം എന്നാണത്രേ പോലീസ് ഉറപ്പു നല്‍കിയത്. ഇതേ തുടര്‍ന്നാണ് സിന്‍ട്രയ്‌ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് ആരോപണം. പോലീസിനെയും പ്രതിക്കൂട്ടിലാക്കുന്നതാണിത്.
















