കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാന പൊലീസ് അന്വേഷിച്ച കേസിൽ മൂന്നാഴ്ച മുൻപ് വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂർ സ്വദേശിയുമായ ഫയാസിനേയും, മാഞ്ഞാലി സ്വദേശി സിയാദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരടക്കം 9 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ മുഖ്യപ്രതി റിയാസ് സൗദി അറേബ്യയിലായതിനാലാണ് കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്. എൻഐഎയുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഹർജി തീർപ്പാക്കുകയാണെന്നും ഹർജിക്കാരിക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2015 ൽ ബംഗ:ളുരുവിൽ പഠിക്കുന്ന സമയത്ത് മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നെന്നും തുടർന്ന് സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
യുവതി നൽകിയ ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്എൻഐഎ അന്വേഷണം ഏറ്റെടുത്തത്.
















