ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ കള്ളക്കടത്ത് സാധനങ്ങള്‍ ജീവനക്കാരുടെ ഒത്താശയോടെ പുറത്തെത്തിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സ്വര്‍ണ കടത്തിന് കൂട്ടു നിന്ന ജീവനക്കാരനെ പിടികൂടിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ടെര്‍മിനല്‍ മൂന്നില്‍ വച്ചാണ് ഇയാള്‍ കള്ളക്കടത്തുകാരനെ സഹായിക്കുന്നതായി കണ്ടെത്തിയത്. ഈ ജീവനക്കാരന് ടെര്‍മിനല്‍ മൂന്നില്‍ കടക്കുന്നതിന് അധികാരമില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ കള്ളക്കടത്ത് സാധനങ്ങള്‍ പുറത്തെത്തിക്കാന്‍ ഒമ്പത് വഴികളുണ്ടെന്നും ഇവിടെയെല്ലാം ജീവനക്കാരുടെ സഹായം കള്ളക്കടത്തുക്കാര്‍ക്ക് കിട്ടുന്നുണ്ടെന്നും കണ്ടെത്തുകയായിരുന്നു.
ഈ വര്‍ഷം 214 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കള്ളക്കടത്തുകാരെ സഹായിച്ച വിമാനത്താളത്തിലെ 22 ജീവനക്കാരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനി, ഇമിഗ്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
















