ശ്രീനഗര്‍: ഷോപ്പിയാനുള്‍പ്പെടെ നാലു ജില്ലകളില്‍ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തലാക്കി.
കഴിഞ്ഞ ദിവസം സൈന്യം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരവാദികള്‍ കല്ലേറ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ രണ്ട് കശ്മീരി യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിഘടനവാദികളായ ജോയിന്റ് ലീഡര്‍ഷിപ്പ് തലവന്‍ സയീദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, മുഹമ്മദ് യാസിന്‍ മാലിക് എന്നിവര്‍ പ്രശ്‌നബാധിത പ്രദേശത്ത് സമരത്തിന് ആഹ്വാനം ചെയ്തു. സമരത്തെ തുടര്‍ന്ന് വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടു.
ബരാമുള്ള- ബനിഹാല്‍ ടൗണുകളിലേക്കുള്ള റെയില്‍ ഗതാഗതം താല്‍ക്കാല്‍കമായി നിര്‍ത്തി. ദക്ഷിണ കശ്മീരിലെ പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസാണ് നിര്‍ത്തലാക്കിയത്.
സൈനികവാഹനത്തിനു നേരെ നടത്തിയ കല്ലേറില്‍ ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടു.
















