ഇസ്ലാമാബാദ്: ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഖ്വാജ മുഹമ്മദ്.
‘ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍ നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറുന്നതായിരിക്കും’- ഖ്വാജ ട്വിറ്ററില്‍ കുറിച്ചു.
പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശത്തെ കൂടാതെ വിദേശകാര്യ വക്താവായ ഡോ.മുഹമ്മദ് ഫൈസലും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തി. കുടിലമായ ചിന്താഗതിയാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്നും, ഏതാക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി പാകിസ്ഥാനുണ്ടെന്നും മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു.
വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ ‘ആണവ പദ്ധതി തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: