കേരളത്തിന് ഭാഗ്യംകൊണ്ടുവരുന്ന, നാടിന്റെ ഭാവിതന്നെ മാറ്റിമറിക്കുന്ന അത്ഭുതം സംഭവിക്കാന്‍ പോവുകയാണ്. ‘ലോക കേരള സഭ’ ഉദയം ചെയ്തിരിക്കുന്നു. പേര് കേള്‍ക്കുമ്പോള്‍ ഒരു സുഖമൊക്കെ തോന്നുന്നില്ലേ? അത് മാത്രമേ ഈ സഭയിലുള്ളൂ. യുഎന്‍ ജനറല്‍ അസംബ്ലി, കോമണ്‍വെല്‍ത്ത്, വേള്‍ഡ് പാര്‍ലമെന്റ് എന്നൊക്കെയുള്ള പേരുപോലെ ഗമയും ഗാംഭീര്യവും ഒക്കെ തോന്നുന്നില്ലേ? അതുതന്നെയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.അത്തരം ഒരു സംഭവമാണ് ഈ ‘ലോക കേരള സഭ’ എന്ന് പാവം ജനങ്ങളെ ധരിപ്പിക്കുക. അസംഖ്യം ഉപദേശികളില്‍ ആരുടെയോ വികലമായ ബുദ്ധിയില്‍ വിരിഞ്ഞ ആശയം. അതാണ് ഇവിടെ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. 140 അംഗങ്ങളുള്ള കേരള നിയമ സഭപോലും ശരിയായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാരാണ് 351 അംഗങ്ങളുള്ള ‘ലോക കേരള സഭയും’ ആയി പോകുന്നതെന്ന് ദോഷൈക ദൃക്കുകളായ ട്രോളന്മാര് ചോദിച്ചാല്‍ ചിരിക്കരുത്.
ഒരു ഭരണകൂടം പരാജയപ്പെടുന്നത് എപ്പോഴാണ്? കഴിവില്ലാത്തവരും ആത്മാര്‍ത്ഥതയില്ലാത്തവരും ഭരണാധികാരികള്‍ ആകുമ്പോള്‍. സ്വാര്‍ത്ഥ ലാഭം, എങ്ങനെയെങ്കിലും ഭരണത്തില്‍ തുടരുക, ആവോളം അധികാരം ഉപയോഗിക്കുക, ആസ്വദിക്കുക എന്നിവ മാത്രമാകുന്നു അവരുടെ ലക്ഷ്യം. ജനങ്ങള്‍, ജനങ്ങളുടെ ക്ഷേമം ഇതൊന്നും അത്തരം ഭരണാധികാരികളുടെ മനസ്സില്‍ കടന്നുവരുന്നതേ ഇല്ല. അത്തരം ഒരു ഭരണമാണ് കേരളം 18 മാസമായി അനുഭവിക്കുന്നത്. അധികാരത്തില്‍ വന്ന് ആഴ്ചകള്‍ കഴിയും മുന്‍പേ സ്വജനപക്ഷപാതം എന്ന അഴിമതിയില്‍ വീണ് ഒരു മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു. അധിക നാളുകള്‍ കഴിയും മുന്‍പ് ലൈംഗിക ആരോപണത്തില്‍പ്പെട്ട് രണ്ടാമത്തെ മന്ത്രിക്കും രാജിവയ്ക്കേണ്ടി വന്നു. ആ കേസ് ഇന്നും ഹൈക്കോടതിയിലാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റ കേസില്‍ മൂന്നാമത്തെ മന്ത്രിക്കും രാജിവയ്ക്കേണ്ടി വന്നു; സുപ്രീം കോടതിയില്‍വരെ പോയിട്ടും. കുടുംബത്തിന്റെ ചികിത്സയ്ക്കു വേണ്ടി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗപ്പെടുത്തി എന്ന ഗുരുതരമായ കേസില്‍ അന്വേഷണം നേരിടുകയാണ് നാലാമത്തെ മന്ത്രി. ഒരു മന്ത്രിസഭയുടെ പൊതുസ്വഭാവം കാണിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?
അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ആലപ്പുഴയിലെ കായല്‍ കൈയേറ്റം നടത്തിയ മന്ത്രിയെ സഹായിക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിച്ചത്, മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെ സഹായിക്കാന്‍ കുറിഞ്ഞി മലയുടെ പരിധിതന്നെ വെട്ടിക്കുറച്ചത്, കക്കാടംപൊയിലിലെ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭൂമി കൈയേറ്റത്തിന് കൂട്ടുനിന്നത് തുടങ്ങി എല്ലാ അഴിമതികളും ജനം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ പൂര്‍ണമായും പാരാജയപ്പെട്ട, ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഭരണകൂടത്തിന് തങ്ങളുടെ കഴിവുകേട് മറയ്ക്കാനും, അഴിമതിക്ക് മറയിടാനുമായി പല തരികിട വേലകളും ചെയ്യേണ്ടി വരും. എങ്ങനെയെങ്കിലും അഞ്ചുവര്‍ഷം ഭരണത്തില്‍ പിടിച്ചുനില്ക്കാന് വേണ്ടിയുള്ള കളികള്‍. ഇത്തരം ഒരു കലാപരിപാടിയാണ് ലോക കേരളസഭയും.
കേള്‍ക്കുമ്പോള്‍ വളരെ മതിപ്പുതോന്നിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഈ ലോക കേരള സഭ എന്താണ്? 351 അംഗങ്ങളുള്ള മഹാസഭ. കേരളനിയമ സഭയിലെ അംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍, മറ്റുരാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ എന്നിവരാണ് അംഗങ്ങള്‍. എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ചോദിച്ചാല്‍ മറുപടി പ്രയാസമാണ്. അവരുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്.
”സാധാരണയായി കേരള പ്രവാസികളുടെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങള്‍ കേരളത്തിലാണ് എടുക്കുന്നത്. കൂടുതല്‍ ജനാധിപത്യപരമായ ഒരു ഇടംനല്കി, പുറംമലയാളികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കി ലോക കേരള സഭ ഈ വിഷയത്തില്‍ ഇടപെടും എന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.”
ഇതില്‍നിന്ന് എന്താണ് വ്യക്തമാകുന്നത്? പ്രവാസികളുടെ കാര്യങ്ങള്‍ കൂടുതല്‍ വിശാലമായി ലോക മലയാള സഭ പരിഗണിക്കും. ഇങ്ങനെ ഒരു കാര്യത്തിന് ഇത്രയും വിശാലമായ സഭ എന്തിനാണ്? കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കുവേണ്ടി കേരള സര്‍ക്കാരിന് ഒരു വകുപ്പ് തുടങ്ങിയാല്‍ പോരെ? ഇത്രയും ബൃഹത്തായ ഒരു സഭയ്ക്ക് ഇത്തരം കാര്യങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയും? ഈ സഭയ്ക്ക് യാതൊരു നിയമ പരിരക്ഷയുമില്ല. അതുകൊണ്ടുതന്നെ അധികാരവുമില്ല. നിയമസഭാ മന്ദിരത്തില്‍ കൂടുന്നു എന്നല്ലാതെ ഈ സഭ പാസാക്കുന്ന പ്രമേയങ്ങള്‍ക്കു വിലയുണ്ടോ? ഇതിലെ അംഗങ്ങള്‍തന്നെ ഇവ നടപ്പിലാക്കാന്‍ ശ്രമിക്കുകയില്ലല്ലോ. കാരണം വ്യക്തി താല്‍പ്പര്യമാണല്ലോ അവര്‍ നോക്കുന്നത്. അപ്പോള്‍ ലോക കേരള സഭ എന്നത് പ്രയോജനമില്ലാത്ത ഒരു സംഘടനയാണെന്ന് കാണാം.
കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനുള്ള ഒരു പരിപാടിയാണ് ഇതെന്ന് ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്. എങ്ങനെയാണ് നിക്ഷേപം കൊണ്ടുവരിക? നിക്ഷേപ സൗഹൃദ അന്തരീക്ഷമാണോ കേരളത്തില്‍ നിലനില്‍ക്കുന്നത്? മാസത്തില്‍ ഒന്നോ രണ്ടോ ബന്ദ്, പേര് മാറ്റിയ ഹര്‍ത്താല്‍. പിന്നെ അക്രമത്തൊഴിലാളി യൂണിയനുകള്‍. നോക്കുകൂലി കൊടുക്കാതെ സ്വന്തം ബാഗുപോലും എടുക്കാന്‍ കഴിയാത്ത സാഹചര്യം. ക്രമസമാധാനനില വളരെ മോശം. എത്ര രാഷ്ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. ഇവിടേക്കാണോ നിക്ഷേപവുമായി ആരെങ്കിലും വരുന്നത്? പ്രത്യേകിച്ചും ഇതെല്ലാം കണ്ടും അനുഭവിച്ചും നാടുവിട്ട മലയാളി? അതുകൊണ്ട് വ്യവസായ നിക്ഷേപം എന്ന അവകാശ വാദം പൊള്ളയാണ്. വിദേശത്തുള്ള മലയാളികളും ഇതില്‍ അംഗങ്ങളാണല്ലോ. അതില്‍ ഒരാളെങ്കിലും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാകുമോ? ഇല്ലെന്ന് വ്യക്തം. പത്തു കാശുണ്ടാക്കി അന്തസ്സായി പുറത്തു ജീവിക്കുന്നവര്‍ ഇവിടെ തെറി കേള്‍ക്കാന്‍ വരില്ലല്ലോ.
ഇനി ഇതൊരു നിക്ഷേപ സൗഹൃദ കൂട്ടായ്മ ആണെന്നുതന്നെ വയ്ക്കാം. ഇത്തരം കൂട്ടായ്മകള്‍ കേരളത്തില്‍ പണ്ടും ഉണ്ടായിട്ടുണ്ടല്ലോ. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് എന്ന ‘ജിം.’ ഒന്നോ രണ്ടോ തവണ പേരുമാറ്റി നടത്തി. അതില്‍ പങ്കെടുത്ത ഒരാളും വ്യവസായമോ നിക്ഷേപമോ കേരളത്തില്‍ നടത്തിയിട്ടില്ല. ഒരു പൈസയുടെ നിക്ഷേപം പോലും അതില്‍ നിന്നും വന്നിട്ടില്ല. സര്‍ക്കാര്‍ കുറേ പണം ചെലവഴിച്ചു എന്നുമാത്രം. അതുപോലെ മറ്റൊരു ‘ജിം’ അല്ലേ കേരള ലോകസഭയും. പേര് മാറ്റിയ ‘ജിം.’ ഇനി ഉമ്മന്‍ ചാണ്ടി ചെയ്തതുകൊണ്ട് പിണറായിക്കു ചെയ്തുകൂടേ എന്നൊരു ചോദ്യം ഉദിച്ചേക്കാം. അല്ലെങ്കിലും ഇപ്പോള്‍ പഴയ കാര്യങ്ങള്‍ ഉദാഹരിച്ചു ന്യായീകരിക്കുകയാണല്ലോ. പാര്‍ട്ടി സമ്മേളനത്തിന് പോകാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹെലികോപ്ടറിന് എട്ട് ലക്ഷം രൂപ എടുത്ത മുഖ്യമന്ത്രി സ്വയം ന്യായീകരിച്ചത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 22 ലക്ഷമെടുത്ത് ഹെലികോപ്റ്ററില്‍ മൂന്നാറില്‍ പോയത് ചൂണ്ടിക്കാണിച്ചാണല്ലോ.
നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ലൈവായി നമ്മള് കാണുന്നുണ്ടല്ലോ. ഏതെങ്കിലും കാര്യത്തില്‍ ഇവര്‍ക്ക് അഭിപ്രായൈക്യം ഉണ്ടായിട്ടുണ്ടോ? കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അര്‍ഹമായ കാര്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍പോലും നിയമസഭാംഗങ്ങള്‍ കക്ഷി രാഷ്ട്രീയം വിട്ട് ഒന്നിച്ചു നില്‍ക്കാറില്ല. പിന്നെയല്ലേ ലോക കേരള സഭയില്‍. സ്പീക്കറുടെ കസേര എടുത്തു മറിച്ചിടുന്നതും തല്ലുണ്ടാക്കുന്നതുമായ സംഭവങ്ങള്‍ ലോക കേരള സഭയില്‍ ഉണ്ടാകില്ലെന്ന് പ്രത്യാശിക്കാം. കേരളത്തില്‍ നിന്നുമുള്ള എംപിമാരെയും ഉള്‍പ്പെടുത്തുന്നുണ്ട് സഭയില്‍. എത്ര എംപിമാരാണ് പാര്‍ലമെന്റില്‍ സജീവമായി പങ്കെടുക്കുന്നത്? കേരളത്തിന്റെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് കൂട്ടായ ശ്രമംപോലും ഇവിടുള്ള എംപിമാര്‍ നടത്താറില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും മലയാളി പ്രതിനിധികളെ കണ്ടെത്തും? എന്തായിരിക്കും അതിനുള്ള മാനദണ്ഡം? പ്രമുഖ വ്യക്തികളോ? അതോ വ്യവസായികളോ? സംഭവിക്കാന്‍ പോകുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനുഭാവികളെ സഭയില്‍ ഉള്‍പ്പെടുത്തും. ഈ സഭയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇവിടത്തെ നേതാക്കള്‍ക്ക് ഇടക്കിടെ വിദേശസന്ദര്‍ശനം വേണ്ടിവരുമല്ലോ.അങ്ങനെയുള്ള വിദേശയാത്രകള്‍ സ്പോണ്സര് ചെയ്യാന്‍ ആരെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ളത് നല്ലതല്ലേ. ഏതായാലും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി പറയുന്ന ഈ വേളയില്‍ അഞ്ച് കോടി ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് അനുവദിച്ചു!!
എം.പി. ബിപിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: