ഒരു കാലത്ത് സമൃദ്ധമായ പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും പ്രതീകമായിരുന്ന കേരളം ഇന്ന് അതിശക്തമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പല ജില്ലകളിലും താപനില 37-38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതിലും ആശങ്കാ ജനകം രാത്രികാല താപനിലയിലെ വര്‍ധനയാണ്. ശരീരത്തിന് സ്വാഭാവികമായി തണുക്കാനുള്ള അവസരം കുറയുന്നതോടെ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നു.
വര്‍ഷത്തില്‍ ശരാശരി 3,000 മില്ലീമീറ്ററില്‍ അധികം മഴ ലഭിക്കുന്ന കേരളം ഇന്ന് കടുത്ത വേനല്‍ക്കാല ജലക്ഷാമം നേരിടുന്നത് വലിയൊരു വിരോധാഭാസമാണ്. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി താഴുന്നു. അനിയന്ത്രിതമായ ജലശോഷണം, മഴവെള്ള സംഭരണത്തിന്റെ അഭാവം, കുളങ്ങള്‍-കായലുകള്‍ പോലുള്ള പരമ്പരാഗത ജലസ്രോതസ്സുകളുടെ നാശം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
യുനെസ്‌കോ അംഗീകരിച്ച പശ്ചിമഘട്ടം കേരളത്തിന്റെ ജീവവായുവാണ്. എന്നാല്‍ വന നശീകരണം, ഖനനം, നിയന്ത്രണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം ഈ മലനിരകള്‍ ഇന്ന് തകര്‍ച്ച നേരിടുന്നു. ഇതിന്റെ ഫലമായി മണ്ണിലെ ഈര്‍പ്പം കുറയുകയും സ്വാഭാവിക ജലപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതാണ് ഒരുവശത്ത് വേനല്‍ക്കാല വരള്‍ച്ചയും മറുവശത്ത് പ്രളയങ്ങളും ശക്തമാക്കാന്‍ കാരണമാകുന്നത്. ആരോഗ്യരംഗത്തും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വ്യക്തമാണ്. രാത്രികാലത്തെ വൈദ്യുതി മുടക്കം വയോധികര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
കേരളം അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍:
1. ജലസുരക്ഷാ വിപ്ലവം
എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുക.
ഓരോ പഞ്ചായത്തിലും കുറഞ്ഞത് 5 മുതല്‍ 10 വരെ പരമ്പരാഗത കുളങ്ങള്‍ പുനരുദ്ധരിക്കുക.
‘ഒരു വീട്, ഒരു കിണര്‍ റീചാര്‍ജ് പദ്ധതി’ വ്യാപകമായി നടപ്പിലാക്കുക.
ചെക്ക് ഡാമുകളും പുഴകള്‍ക്ക് അനുബന്ധമായ ജലസംഭരണ സംവിധാനങ്ങളും വികസിപ്പിക്കുക.
ഉപയോഗിക്കുന്ന വെള്ളത്തിന്റെ കുറഞ്ഞത് 30% എങ്കിലും റീസൈക്കിള്‍ ചെയ്യാനുള്ള നിയമം നടപ്പിലാക്കുക.
2. സംസ്ഥാനതല ഹീറ്റ് ആക്ഷന്‍ പ്ലാന്‍
ജില്ലാ അടിസ്ഥാനത്തില്‍ ‘ഹീറ്റ് ഇന്‍ഡക്‌സ് മാപ്പ്’ തയ്യാറാക്കുക.
താപനില 40ത്ഥഇനോട് അടുക്കുന്ന ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്കും ഔട്ട്ഡോര്‍ ജോലികള്‍ക്കും സമയക്രമീകരണം ഏര്‍പ്പെടുത്തുക.
ഓരോ നഗരത്തിലും പൊതുജനങ്ങള്‍ക്കായി ‘കൂളിംഗ് സെന്ററുകള്‍’ സ്ഥാപിക്കുക.
പൊതുജനങ്ങള്‍ക്കായി എസ്എംഎസ്/മൊബൈല്‍ അലര്‍ട്ട് സംവിധാനം സജ്ജമാക്കുക.
3. പശ്ചിമഘട്ട സംരക്ഷണം
അനധികൃത ഖനനം, വനനശീകരണം എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുക.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക.
പരിസ്ഥിതി സൗഹൃദ ടൂറിസം മാത്രം പ്രോത്സാഹിപ്പിക്കുക.
മലയോര മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക.
4. അര്‍ബന്‍ കൂളിങ് പദ്ധതികള്‍
‘കൂള്‍ റൂഫ് പദ്ധതി’ സംസ്ഥാനവ്യാപകമായി പ്രോത്സാഹിപ്പിക്കുക.
ഓരോ നഗരത്തിലും കുറഞ്ഞത് 20% ഗ്രീന്‍ കവറേജ് ലക്ഷ്യമിടുക.
വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ള നിര്‍മ്മാണം പൂര്‍ണ്ണമായും നിരോധിക്കുക.
നഗരത്തിലെ വെറ്റ്ലാന്‍ഡുകള്‍ നിയമപരമായി സംരക്ഷിക്കുക.
5. വിശ്വാസ്യതയുള്ള വൈദ്യുതി സംവിധാനം
വീടുതോറും പുരപ്പുറ സോളാര്‍ + ബാറ്ററി സ്റ്റോ റേജ് പദ്ധതികള്‍ക്ക് സബ്സിഡി നല്‍കുക.
ഗ്രാമതലത്തില്‍ മൈക്രോ ഗ്രിഡുകള്‍ സ്ഥാപിക്കുക.
രാത്രികാല വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ പ്രത്യേക ‘ഗ്രിഡ് മാനേജ്മെന്റ്’ നടപ്പിലാക്കുക.
6. പൊതുജനാരോഗ്യ ശാക്തീകരണം
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ‘ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍’ ആരംഭിക്കുക.
സ്‌കൂള്‍ സിലബസില്‍ ‘ചൂട് പ്രതിരോധ വിദ്യാഭ്യാസം’ ഉള്‍പ്പെടുത്തുക.
ഓരോ വാര്‍ഡിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക.
ചൂട് മൂലമുള്ള മരണങ്ങളുടെയും രോഗങ്ങളുടെയും കൃത്യമായ ഡാറ്റാ ശേഖരണം നടത്തുക.
7. മനുഷ്യ-വന്യജീവി സംഘര്‍ഷ നിയന്ത്രണം
പാമ്പുകടി പ്രതിരോധത്തിനായി ഗ്രാമതലങ്ങളില്‍ പരിശീലനം നല്‍കുക.
ഓരോ ബ്ലോക്കിലും ആന്റി-വെനവും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും സജ്ജമാക്കുക.
വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ശാസ്ത്രീയമായ ഭൂവിനിയോഗ നയം നടപ്പിലാക്കുക.
കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം മഴയുടെ കുറവല്ല, മറിച്ച് ഫലപ്രദമായ പദ്ധതികളുടെയും അവ നടപ്പിലാക്കുന്നതിലെ അലംഭാവവുമാണ്. ശാസ്ത്രീയമായ സമീപനം, ജനപങ്കാളിത്തം, ശക്തമായ രാഷ്‌ട്രീയ ഇച്ഛാശക്തി എന്നിവയുണ്ടെങ്കില്‍ കേരളത്തിന് അതിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ തീര്‍ച്ചയായും സാധിക്കും.
















