പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. കലാപമുണ്ടായി മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയ നിരപരാധികളായ ആയിരക്കണക്കിന് സിഖുകാരുടെ ചോര കഴുകിക്കളയാനാവാതെ ഉണങ്ങിപ്പിടിച്ചിരിക്കുന്നുണ്ട്. തേച്ചു മായ്ച്ചു കളയാന്‍ കോണ്‍ഗ്രസ് പലവിധത്തില്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. സിഖ് വിരുദ്ധ കലാപ കേസുകളിലെ ശരിയായ അന്വേഷണവും വിചാരണയും വെന്തുവെണ്ണീറായ പാവപ്പെട്ട സിഖുകാരുടെ കുടുംബങ്ങളുടെ ഇനിയും യാഥാര്‍ത്ഥ്യമാവാത്ത സ്വപ്നമാണ്. കലാപക്കേസുകള്‍ പുനരന്വേഷിക്കാനുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ് പതിനായിരക്കണക്കിന് സിഖുകാര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്കുന്നു.
സിഖ് കലാപ കേസുകളുടെ പുനരന്വേഷണം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും. ഇതിനായി മൂന്നംഗസംഘത്തെ നിയോഗിക്കാനാണ് പരമോന്നത നീതിപീഠത്തിന്റെ തീരുമാനം. അന്വേഷണം അവസാനിപ്പിച്ചതാണ് 186 കേസുകള്‍ എന്നതാണ് ശ്രദ്ധേയം. മൂന്നംഗ സമിതിയിലെ അംഗങ്ങളുടെ പേരുകള്‍ നല്കാന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ ന്യായാധിപന് പുറമേ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും സര്‍വീസിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. സിഖ് കലാപത്തിലെ 241 കേസുകളില്‍ 186 എണ്ണം യാതൊരു അന്വേഷണവും കൂടാതെ അവസാനിപ്പിക്കുകയായിരുന്നെന്ന് കോടതി നിയോഗിച്ച നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഭരണസ്വാധീനം ഉപയോഗിച്ച് എഴുതിത്തള്ളിയ കേസുകളെല്ലാം വീണ്ടും അന്വേഷിക്കാന്‍ പോകുന്നത്.
സിഖ് അംഗരക്ഷകന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984 നവംബര്‍ ഒന്നു മുതല്‍ നാല് വരെ നീണ്ടുനിന്ന സിഖ് വിരുദ്ധ കലാപം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണ്. ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ രാജീവ് ഗാന്ധി, വന്മരങ്ങള് വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നുപറഞ്ഞ് കലാപത്തെ ന്യായീകരിച്ചപ്പോള്‍ രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ ആയിരങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. എണ്ണായിരത്തോളം സിഖുകാരെ കൊന്നെന്നാണ് സ്വതന്ത്ര അന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ മാത്രം മൂവായിരത്തോളം സിഖുകാര്‍ കൊലചെയ്യപ്പെട്ടു.
ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടും പ്രതികളെ സംരക്ഷിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചുകൊണ്ടേയിരുന്നു. കേസുകള്‍ പലതും അന്വേഷണം നിലച്ചും എഴുതിത്തള്ളിയും മുന്നോട്ടു പോയപ്പോള്‍ ചില കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷപ്പെടാനാവാത്തവിധം കുടുങ്ങി. എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് വിശ്വസിച്ചുപോന്ന 186 കേസുകളില്‍ക്കൂടി പുനരന്വേഷണം നടക്കുമ്പോള്‍ മൂടിവയ്ക്കപ്പെട്ട കൂടുതല്‍ ക്രൂരതകള്‍ വരുംനാളുകളില്‍ പുറത്തുവരും. സമാധാനത്തിന്റെ സന്ദേശവാഹകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ചെയ്തുകൂട്ടിയ അതിക്രൂരമായ നരഹത്യയ്ക്ക് കണക്കുപറയാതിരിക്കാന് ജനാധിപത്യ ഇന്ത്യയില്‍ സാധിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: