ചേതനയറ്റ് കിടന്നിരുന്ന പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ നീലനിറം വ്യാപിച്ച ശരീരം കണ്ട് അമ്മ രാം ദുലാരി ദേവി ആര്‍ത്തലച്ച് കരഞ്ഞു പറഞ്ഞു: ”എന്റെ മകന് വിഷബാധയേറ്റിരിക്കുന്നു.” ആകെ തളര്‍ന്നുപോയ മകന് അനില്‍ ശാസ്ത്രി പിറുപിറുത്തു: ”തീര്‍ച്ചയായും അച്ഛന്റേത് സ്വാഭാവിക മരണമല്ല.” അവിടെ ഉയര്‍ന്ന ബഹളത്തിനിടെ ”ഇത് കൊലപാതകമാണ്” എന്ന് കൂട്ടത്തിലൊരു ബന്ധു ആക്രോശിക്കുന്നതും കേട്ടു. കുല്‍ദീപ് നയ്യാര്‍, ശാസ്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, ഇതിനെല്ലാം സാക്ഷിയായിരുന്നു.
ശാസ്ത്രിയുടെ ശരീരത്തിന് നീലനിറം ബാധിച്ചിരുന്നു. കഴുത്തിനു പിറകിലെ മുറിവില്‍നിന്നും രക്തം കിനിഞ്ഞിരുന്നു. അടിവയര്‍ ഭാഗത്ത് സര്‍ജിക്കല്‍ മുറിവുകളും പുതിയപാടുകളും അനില്‍ ശാസ്ത്രി കണ്ടതായി പറയുന്നു. മുറിവുകള്‍ കണ്ടെന്ന് ഭാര്യ ലളിതാ ശാസ്ത്രിയും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം ഉദ്യോഗസ്ഥരോട് നേരിട്ടു പറയുകയും, അപ്പോള്‍ത്തന്നെ പരാതിപ്പെടുകയും ചെയ്തിരുന്നു.
ലാല്‍ ബഹാദൂര്‍ശാസ്ത്രി പ്രധാനമന്ത്രിയായിട്ട് രണ്ടു വര്‍ഷമേ ആയിരുന്നുളളൂ. ഒരു രാഷ്ട്രത്തിന്റെ തലവന്‍ മറ്റൊരു രാജ്യത്തുവച്ച് അസ്വാഭാവികമായി മരിക്കുകയെന്നത് ലോകചരിത്രത്തില്‍ ഇന്നുവരെ സംഭവിക്കാത്തതാണ്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 61 വയസ്സ്. സോവിയറ്റ് യൂണിയനിലെ താഷ്ക്കന്റില്‍വച്ച് ജനുവരി 11 ന് സംഭവിച്ച ശാസ്ത്രിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതകള്‍ പലതുണ്ട്.
മുഹമ്മദ് അയൂബ്ഖാന് 1965 ആഗസ്റ്റില്‍ ആരംഭിച്ച പാക്ക് ആക്രമണത്തിന്റെ ലക്ഷ്യം കശ്മീരും പ്രധാനകേന്ദ്രങ്ങളും പിടിച്ചെടുത്ത് ഭാരതത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നതായിരുന്നു. യുഎന്നിന്റെ ഇടപെടലോടെ 1965 സപ്തംബറില്‍ ഇന്ത്യ യുദ്ധം അവസാനിപ്പിച്ചു. 1966 ജനുവരി 10, താഷ്ക്കന്റ് സമാധാന കരാര്‍ ഒപ്പുവച്ചതോടുകൂടി പാക്കിസ്ഥാന് നഷ്ടപ്പെടുമായിരുന്ന പ്രദേശങ്ങളെല്ലാം തിരികെ കിട്ടി. സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി അലക്സി കൊസിജിന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സമാധാന കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുശേഷം ശാസ്ത്രിയുടെ മരണവും നടന്നു.
ശാസ്ത്രി അന്നേദിവസം പൂര്‍ണ്ണ ആരോഗ്യവാനും ഉന്മേഷവാനും ആയിരുന്നു. വൈകിട്ട് നാല് മണിക്കാണ് അയൂബ് ഖാനുമായി കരാര്‍ ഒപ്പിട്ടത്. എട്ട് മണിക്കുളള പൊതുസ്വീകരണത്തിലും പങ്കെടുത്തു.10 മണിയോടെയാണ് ശാസ്ത്രി താമസസ്ഥലത്ത് എത്തുന്നത്.
താഷ്ക്കന്റിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര് ശാസ്ത്രിയെ മരണത്തിലേക്ക് തളളിവിടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവായ മകന് അനില്‍ ശാസ്ത്രി സംശയിക്കുന്നു. ശാസ്ത്രിക്ക് താഷ്ക്കന്റില്‍ ആദ്യം താമസിക്കാന്‍ ഹോട്ടലാണ് വ്യവസ്ഥ ചെയ്തിരുന്നത്. പിന്നെ അതൊരു ഒറ്റപ്പെട്ട വില്ലയിലേക്ക് മാറ്റി. ഉസ്ബക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ മറ്റൊരു രാഷ്ട്രത്തിന്റെ തലവന്‍ താമസിക്കുന്ന വസതിയില്‍ അത്യാവശ്യം വേണ്ടതായ സുരക്ഷാവ്യവസ്ഥകളൊന്നും ഒരുക്കിയിരുന്നില്ല. ബെഡ്റൂമില്‍ കോളിങ് ബെല്ലില്ല, ടെലഫോണ്‍-ഇന്റര്‍കോമില്ല, സെക്യൂരിറ്റി ഗാര്‍ഡില്ല, തൊട്ടടുത്ത് കെയര്‍ ടേക്കറില്ല. ചുരുക്കിപ്പറഞ്ഞാല്‍ പ്രാഥമിക ശുശ്രൂഷയ്ക്കുളള ക്രമീകരണംപോലും ഉണ്ടായിരുന്നില്ല. അവസാന നിമിഷങ്ങളില്‍ അദ്ദേഹത്തിന് നടന്നുവന്ന് വാതില്‍തുറന്ന് പുറത്തേക്കിറങ്ങി വരാന്തയ്ക്കപ്പുറത്തുളള മുറിയിലെ സ്റ്റാഫിനെ വാതിലില്‍ മുട്ടിവിളിക്കേണ്ടിവന്നു.
രാത്രി 1.25 നാണ് ശാസ്ത്രി ചുമയോടുകൂടി ഉണര്‍ന്നത്. നടന്ന് മുറിക്ക് പുറത്തുവന്ന് ഡോക്ടറെ വിളിച്ചു. അവിടെയുണ്ടായിരുന്ന സ്റ്റാഫ് താങ്ങിപ്പിടിച്ച് കട്ടിലില്‍ കിടത്തി. ഡോക്ടര്‍ എത്തി കൃത്രിമ ശ്വാസോച്ഛ്വാസം നല്കാന് ശ്രമിച്ചു. വിജയിച്ചില്ല. ശാസ്ത്രി മരിച്ചു. ഇത് സ്ഥിരീകരിക്കുന്നതാണ് കുല്‍ദീപ് നയ്യാരുടെ വാക്കുകള്‍. നയ്യാര്‍ ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു, അദ്ദേഹം ശാസ്ത്രി മരിക്കുന്നത് സ്വപ്നത്തില്‍ കണ്ട് കിടക്കുമ്പോഴാണ് ഒരു റഷ്യക്കാരി വന്ന് വാതിലില്‍ മുട്ടി ”നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ്” എന്നറിയിച്ചത്. നയ്യാര്‍ ദൂരെ മറ്റൊരു കെട്ടിടത്തിലായിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ ആരും വില്ലയില്‍ ഉണ്ടായിരുന്നില്ല. അത് ഇന്ത്യന്‍ എംബസിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നോ, അതോ ശാസ്ത്രിയുടെ മരണഗൃഹം തന്ത്രപൂര്‍വ്വം ഒരുക്കുകയായിരുന്നോ?
ശാസ്ത്രി താമസിച്ചിരുന്ന മുറിയില്‍നിന്ന് അദ്ദേഹത്തിന്റെ ചുവന്ന സ്വകാര്യ ഡയറി നഷ്ടപ്പെട്ടു. ദിവസേനയുളള സംഭവങ്ങളും ചിന്തകളും രേഖപ്പെടുത്തുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് മകന് പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് നഷ്ടപ്പെട്ടത്. ആ മുറിയില്‍വച്ചാണ് മരണം സംഭവിച്ചതും. കിടക്കുന്നതിനു മുമ്പ് അദ്ദേഹം എന്തായിരിക്കും അതില്‍ എഴുതിയിരിക്കുക? താഷ്ക്കന്റില്‍വച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനെ നേരില്‍ കണ്ടതിനെക്കുറിച്ച് എഴുതിയിരിക്കുമോ? അതോ, യുദ്ധത്തിനൊപ്പം രണ്ടാം ഇന്ത്യാ വിഭജനത്തിനു ശ്രമിച്ച ആധുനിക ജിന്നമാരെക്കുറിച്ചുളള വിവരങ്ങളായിരിക്കുമോ? ആ ഡയറി ആരാണ് മാറ്റിയത്? റഷ്യന്‍ അധികൃതര്‍ പരിശോധനയ്ക്കെടുത്ത മുറിയിലുണ്ടായിരുന്ന ശാസ്ത്രിയുടെ കാലിയായ തെര്‍മോഫ്ളാസ്കും തിരികെ നല്‍കിയിട്ടില്ലെന്ന് അനില്‍ ശാസ്ത്രി വിശദീകരിച്ചു. വിഷം അതിലും നിറച്ചിരുന്നോയെന്ന് സംശയിക്കുന്നു.
ശാസ്ത്രിയുടെ ഡോക്ടര്‍ ആര്.എന്‍. ചുഗ് അന്ന് മദ്യപിച്ച് കിടക്കുകയായിരുന്നുവെന്ന് പറഞ്ഞുകേട്ടുവെന്നും, അന്നവിടെ താഷ്ക്കന്റില്‍, പ്രധാന നേതാക്കളും കേന്ത്രമന്ത്രിമാരായ വൈ.ബി.ചവാന്, സ്വരണ്‍ സിങ് തുടങ്ങിയവരും ഉണ്ടായിരുന്നുവെന്നും, മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷനുവേണ്ടി ആരും ആവശ്യപ്പെട്ടില്ലായെന്നും, ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്‍ ചെയര്മാന് റായ് സിങ് 2006 മെയ് 29 ന് പറയുകയുണ്ടായി. പ്രധാന പ്രതിയായി സംശയിക്കപ്പെടുന്ന ജാന്‍ മുഹമ്മദിനെ റഷ്യയിലും ഇന്ത്യയിലും ആരും ചോദ്യം ചെയ്തില്ല. ആ പിഴവ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നുവെന്നും റായ്സിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശരീരത്തില്‍ വായിലും മൂക്കിലും നെഞ്ചിലും രക്തപ്പാടുകള്‍ കണ്ടിരുന്നു. എങ്ങനെ രക്തം പുറത്തുവന്നു? താഷ്ക്കന്റില്‍വച്ച് പോസ്റ്റുമോര്‍ട്ടം നടക്കാതിരുന്നത് എംബസിയിലെ ആരും ആവശ്യപ്പെടാതിരുന്നതുകൊണ്ടാണെന്ന് പറയുന്നു. ആവശ്യപ്പെടാതിരുന്നതിന്റെ കാരണമെന്താണ്? ഇന്ത്യയില്‍ വന്നപ്പോള്‍ ബന്ധുക്കള്‍ പലരും പോസ്റ്റുമോര്‍ട്ടം വേണമെന്നാവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
ശാസ്ത്രിയുടെ ശരീരം മുഴുവന്‍ നീലനിറം വ്യാപിച്ചിരുന്നതിനെക്കുറിച്ച് കുല്‍ദീപ് നയ്യാരോട് ലളിതാശാസ്ത്രി അന്വേഷിച്ചു. മൃതശരീരം കേടുവരാതെ നിലനിര്‍ത്താനായി മരുന്നുകള്‍ കുത്തിവച്ചതുമൂലവും, എംബാം ചെയ്തതുകൊണ്ടുമാണ് നീലനിറം വന്നതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചതായി നയ്യാര്‍ മറുപടി പറഞ്ഞു. പല വിദഗ്ദ്ധ ഡോക്ടര്‍മാരോടും ലളിതാ ശാസ്ത്രി ഭക്ഷ്യവിഷബാധയേറ്റു മരിക്കുന്നതിനെക്കുറിച്ചുളള സംശയനിവൃത്തി വരുത്തിയിരുന്നു.
ശാസ്ത്രിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരു കുടുംബസുഹൃത്ത് ആവശ്യപ്പെട്ടിട്ടും ആക്റ്റിങ് പ്രധാനമന്ത്രി ഗുല്‍സാരി ലാല്‍ നന്ദയും മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അതിന് അനുവദിച്ചില്ലെന്ന്, ശാസ്ത്രിയുടെ ബാല്യകാലസുഹൃത്തും രാജ്യസഭ എംപിയുമായ ടി.എന്‍. സിങ് 1970 ല്‍ പറയുകയുണ്ടായി. റഷ്യയില്‍വച്ച് ഇന്ത്യന്‍ അംബാസഡറായ ടി.എന്‍. കൗളാണ് പോസ്റ്റുമോര്‍ട്ടം വേണമെന്ന ആവശ്യം നിരാകരിച്ചത്. ആഭ്യന്തര സെക്രട്ടറി എല്‍.പി. സിങ് പറഞ്ഞ ഈ വിവരം സി.പി. ശ്രീവാസ്തവയുടെ ഗ്രന്ഥത്തിലുണ്ട്. പോസ്റ്റുമോര്‍ട്ടം നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ ശരീരത്തിലെ സര്‍ജിക്കല്‍ മുറിവുകള്‍ എങ്ങനെ ഉണ്ടായി? അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്? ശാസ്ത്രിയുടെ കുടുംബാംഗങ്ങള്‍ കരുതുന്നത് അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്നാണ്. മകന് സുനില്‍ ശാസ്ത്രിയും പേരക്കുട്ടികളായ സഞ്ജയ്നാഥ് സിങ്ങും സിദ്ധാര്‍ത്ഥ് നാഥ് സിങ്ങും ഇക്കാര്യത്തില്‍ എംബസിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയാണ് സംശയിക്കുന്നത്.
എ. വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: