ശബരിമല: കണ്ണുകളിലെ അന്ധത ശരത്തിന് ദര്‍ശനത്തിന് തടസ്സമായില്ല. കണ്നിറയെയല്ല, മനം നിറയെ അയ്യപ്പസ്വാമിയെ കണ്ട് ശരത് മലയിറങ്ങി.
പൂര്‍ണമായും കാഴ്ചയില്ലാത്ത നെയ്യാറ്റിന്‍കര മൂന്ന്കല്ലിന്‍മൂട് ഷിര്‍ദിയില്‍ ശരത് അഞ്ച് വര്‍ഷമായി സുഹൃത്തുക്കളുടെ സഹായത്താല്‍ ശബരിമല ദര്‍ശനം നടത്തുന്നു. മൂന്നുവര്‍ഷമായി പുല്ലുമേട് കാനനപാതയിലൂടെയാണ് യാത്ര. സന്തത സഹചാരിയായ വെങ്കിടേഷാണ് വഴികാട്ടി.
ആറിന് വൈകിട്ട് കെട്ടുമുറുക്കി ഏഴിന് പുലര്‍ച്ചെ സത്രത്തിലെത്തി വിശ്രമിച്ച് അവിടെനിന്ന് രാവിലെ എട്ടുമണിയോടെ സന്നിധാനത്തേക്ക് യാത്രതിരിച്ചു. വൈകിട്ട് നാലുമണിയോടെ സന്നിധാനത്ത് എത്തി.
സുഹൃത്തും സന്നിധാനത്തെ ദേവസ്വം ജീവനക്കാരുമായ പി.എസ്. വരുണ്‍ മുഖേന വിവരങ്ങള്‍ അറിഞ്ഞ പോലീസ് പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും സഹായങ്ങള്‍ നല്കി. മുടങ്ങാതെ ശബരിമലദര്‍ശനം നടത്തണമെന്നാണ് ശരതിന്റെ ആഗ്രഹം.
തൈക്കാട് ഗവ. ട്രെയിനിംഗ് കോളേജിലെ ബിഎഡ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശരത് തബല കലാകാരന്‍കൂടിയാണ്. സംസ്ഥാന സ്കൂള്‍, കേരള യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ശാഖാ സ്വയംസേവകനാണ് ശരത്. ശാഖാ മുഖ്യശിക്ഷക് ആയ വെങ്കിടേഷിന് ഒപ്പം മാത്രമെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും സന്താനലക്ഷ്മിയും ശരത്തിനെ ദൂരസ്ഥലങ്ങളിലേക്ക് അയയ്ക്കൂ. സുഹൃത്തുക്കളായ ശരണ്‍, വിഷ്ണു, പ്രശാന്ത് എന്നിവരും ശബരിമല യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സഹോദരി നന്ദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: