ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പോലീസിന്റെ സര്‍വ്വ ശക്തിയും തൃക്കുന്നപ്പുഴയില്‍ വിന്യസിച്ചിട്ടും ഖബറടക്കിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസിനും റവന്യു അധികൃതര്‍ക്കും കഴിഞ്ഞില്ല.
വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച തൃക്കുന്നപ്പുഴ പല്ലന പുത്തന്‍പൊറുതിയില്‍ ഷക്കീല (33)യുടെ മൃതദേഹമാണ് പോലീസ് ആവശ്യപ്പെട്ടിട്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കാതെ സമീപത്തെ ജുമാ മസ്ജിദില്‍ ശനിയാഴ്ച രാത്രിയില്‍ ഖബറടക്കിയത്.
വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത വാര്‍ത്ത ജന്മഭൂമിയാണ് പുറംലോകത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തില്‍ മൃതദേഹം ഖബര്‍സ്ഥാനില്‍നിന്നും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ പള്ളിക്കമ്മറ്റിക്കാരുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ചിരുന്നു. എന്നാല്‍ പള്ളിക്കമ്മറ്റിക്കാര് യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് തൃക്കുന്നപ്പുഴയില്‍ എത്തിയതോടെ പള്ളിക്കമ്മറ്റിക്കാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആള്ക്കാര് പള്ളിക്കും പരിസരപ്രദേശങ്ങളിലും സംഘടിച്ചു. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തുനിഞ്ഞാല്‍ നേരിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഗൗരവം മനസ്സിലാക്കിയ പോലീസ് അധികാരികള്‍ ഇന്നലെ വൈകിട്ട് 4.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂര്‍ ആര്‍ടിഒ, പള്ളിക്കമ്മറ്റിയിലെ ചിലരേയും വിവിധ ജനപ്രതിനിധികളേയും വിളിച്ച് ഹരിപ്പാട് ഗസ്റ്റ്ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായില്ല. എന്നാല്‍ പള്ളിക്കമ്മറ്റിയുടെയും മറ്റും ഉറച്ച നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലാ പോലീസ് മേധാവിയും അനുകൂലിച്ചതോടെ ചര്‍ച്ച മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. ഇന്ന് വീണ്ടും ചില മുസ്ലീം പണ്ഡിതന്മാരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യാമെന്നുള്ള തീരുമാനത്തില്‍ യോഗം പിരിഞ്ഞു. എന്നാല്‍ ഇന്നലെ രാത്രിവൈകിയും തൃക്കുന്നപ്പുഴ പല്ലന ഭാഗം പോലീസും സംഘടിത മതവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്നുള്ള ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: