കൊച്ചി: കനകമല ഐഎസ് കേസ് പ്രതികളെ എന്‍ഐഎ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്തു. ഷെഫിന് ജഹാനുമായി മലയാളി ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്യല്‍ നടന്നത്. കനകമല കേസിലെ ഒന്നും അഞ്ചും പ്രതികളായ മന്‍സീദ് ,സഫ്വാന് എന്നിവര്‍ക്ക് ഷെഫിന്‍ജഹാനുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി.
അഖിലയും ഷെഫിന്‍ജഹാനുമായി പരിചയപ്പെടുന്നതില്‍ ഇരുവരും നിര്‍ണായക പങ്ക് വഹിച്ചതിന്റെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചതായി സൂചനയുണ്ട്. ഷെഫിന് ജഹാനുമായി മലയാളി ഐഎസ് ഭീകരര്‍ നിരന്തര ആശയവിനിമയം നടത്തിയെന്ന കാര്യം സ്ഥിരീകരിക്കാനും ചോദ്യം ചെയ്യലിലൂടെ എന്‍ഐഎ ലക്ഷ്യമിട്ടിരുന്നു.
വാട്സ് ആപ്പ് സന്ദേശങ്ങള്‍, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അന്വേഷണ സംഘം ചോദ്യം ചെയ്യലില്‍ ഉപയോഗപ്പെടുത്തിയതായി വിവരമുണ്ട്. ഈ മാസം പകുതിയോടെ സുപ്രീം കോടതി അഖില കേസ് പരിഗണിക്കവേ അന്വേഷണ വിവരങ്ങളടങ്ങിയ പുതിയ റിപ്പോര്‍ട്ട് എന്‍ഐഎ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: