ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്തുന്നതിന് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം യാത്രതിരിച്ചു. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തില്‍ 51 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ അന്നദാനവും, വിവിധ ക്ഷേത്രങ്ങളിലും മറ്റും ആഴിപൂജകളും നടത്തിയശേഷമാണ് സംഘം യാത്ര ആരംഭിച്ചത്.
അമ്പലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള മുന്നൂറോളം സ്വാമിഭക്തര്‍ സംഘത്തിലുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി എരുമേലി പേട്ടതുളളലിന് എഴുന്നെള്ളിക്കാനുള്ള തിടമ്പ് ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന് നമ്പൂതിരി പൂജിച്ച് സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായര്‍ക്ക് കൈമാറി. തുടര്‍ന്ന് തിടമ്പ് രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥയാത്ര ആരംഭിച്ചു.
രഥയാത്ര നഗര പ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി തിരികെയെത്തി. ഇന്നലെ രാവിലെ യാത്ര തുടര്‍ന്ന് രാത്രിയോടെ കവിയൂര്‍ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് രാവിലെ രഥഘോഷയാത്ര കവിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. നാളെ അവിടെ ആഴിപൂജ നടത്തിയശേഷം രാവിലെ 7.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് എരുമേലിയിലെത്തിച്ചേരും.
11നാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍. രാവിലെ ഒന്‍പതിന് പേട്ടപ്പണം വയ്ക്കല്‍ ചടങ്ങോടെ പേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 10ന് സംഘം കൊച്ചമ്പലത്തിലക്ക് യാത്ര തിരിക്കും. കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്തിനെ ദൃശ്യമാകുമ്പോള്‍ തിടമ്പ് കൊച്ചമ്പലത്തില്‍ പൂജിച്ച് സമൂഹപ്പെരിയോന് കൈമാറുന്നതോടെ പേട്ടതുള്ളല്‍ ആരംഭിക്കും. സംഘം വാവരുപള്ളിയില്‍ കയറി വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിനു മുന്നില്‍ ദേവസ്വം ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. രാത്രിയില്‍ ആഴിപൂജ നടത്തി സംഘം പമ്പയ്ക്ക് യാത്രതിരിക്കും. 13ന് പമ്പ സദ്യ നടത്തി മലകയറും. 14ന് മകരവിളക്കു ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. പിറ്റേന്ന് മാളികപ്പുറത്തു നിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴസംഘത്തിന്റെ ശീവേലി നടത്തും.
സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പലപ്പുഴ ഭക്തസംഘം പ്രസിഡന്റ് എ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ഖജാന്‍ജി ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ആര്. ഗോപകുമാര്‍, രഥയാത്ര കമ്മറ്റി ചെയര്മാന് വേണുഗോപാല്‍, കണ്‍വീനര്‍ ആര്. മധു എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: