രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളിലുള്ള അഴിമതി പുതിയകാര്യമല്ല. ദശാബ്ദങ്ങളായി കെട്ടുനാറിയ അഴിമതിക്കഥകള്‍ കേട്ട് മരവിച്ചുപോയ ജനങ്ങള്‍ക്ക് വന്‍ അഴിമതിക്കാരാരും അഴിയെണ്ണുന്നത് കാണാനായിരുന്നില്ല. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാര്‍പോലും ആരോപണവിധേയരായിരുന്നു. ആര്‍ക്കും ശിക്ഷലഭിച്ചില്ല.
പ്രഗത്ഭരെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊന്നും അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ കാലിത്തീറ്റ തട്ടിപ്പ് കേസില്‍പ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അഴിമതിക്കേസുകള്‍ തോറ്റുകൊടുക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാഹചര്യത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നുവേണം വിശ്വസിക്കാന്‍. ഝാര്‍ഖണ്ഡിലെ കല്‍ക്കരി കുംഭകോണക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന മധു കോഡ ശിക്ഷിക്കപ്പെട്ടശേഷം കേട്ട നല്ലവാര്‍ത്തയാണ് ലാലുപ്രസാദ് യാദവിന് ശിക്ഷലഭിച്ചു എന്നത്.
അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരന്തരം പോരാടിയിരുന്ന ജയപ്രകാശ് നാരായണന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്തുവന്ന ലാലു, അധികാരം ലഭിച്ചതോടെയാണ് അഴിമതിയുടെയും കുടുംബവാഴ്ചയുടെയും അമരക്കാരനായി മാറുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ നിരക്ഷരകുക്ഷിയായ ഭാര്യയെ പിന്‍ഗാമിയായി വാഴിച്ച് പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയും അഴിമതി ആവര്‍ത്തിച്ചു.
കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അഴിമതി സമര്‍ഥമായി നടത്താന്‍ മക്കളെയാണ് ലാലു ചുമതലപ്പെടുത്തിയത്. അഴിമതി നടത്തിയ മകളും മകനും ഇപ്പോള്‍ അന്വേഷണപരിധിയിലാണ്. ബദ്ധവൈരിയായിരുന്ന നിതീഷ്കുമാറുമായി സന്ധിചെയ്ത് ബീഹാറില്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു മകനെ ഉപമുഖ്യമന്ത്രിയും മറ്റൊരാളെ മന്ത്രിയുമാക്കിയെങ്കിലും അഴിമതി അവരും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ആ സഖ്യം നിതീഷ്കുമാര്‍ ഉപേക്ഷിച്ചത്.
സദ്ഭരണം മാത്രമല്ല, അഴിമതിരഹിതഭരണം നടത്തുന്ന ബിജെപിയോടൊത്ത് നില്ക്കാന് നിതീഷ്കുമാര്‍ വീണ്ടും തയ്യാറായത് ഏറെ പഴയ കാര്യമൊന്നുമല്ല. അഴിമതി രാഷ്ട്രശരീരത്തിന് പിടിപെട്ട മാറാരോഗമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളാണ് ലാലു അടക്കമുള്ള പകല്‍ കൊള്ളക്കാര്‍ ഉള്‍പ്പെട്ട യുപിഎ ഭരണത്തെ പുറത്താക്കിയത്. കേന്ദ്രത്തില്‍ മാത്രമല്ല, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നിലംപരിശായി. രാജ്യത്തിന്റെ ശാപമായ കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ജനങ്ങള്‍ പാഴാക്കുന്നില്ല എന്നാണ് ഏറ്റവും ഒടുവില്‍ വിധിയെഴുതിയ ഗുജറാത്തും ഹിമാചല്‍പ്രദേശും വ്യക്തമാക്കിയത്.
ഒരുമാറ്റം സകലമാന ജനങ്ങളുടെയും ആഗ്രഹമാണ്. അഴിമതിയില്ലാത്ത ഭരണം വേണം. അത് നല്കാന് കഴിയുന്നത് ബിജെപിക്കാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ ജനവിധികളെല്ലാം. അത്തരം ഒരു സര്‍ക്കാരിന്റെ കീഴില്‍ അഴിമതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാനും കോടതികളില്‍ വിജയംവരെ വാദിക്കാനും നിര്‍ഭയമായി വിധിപറയാനും സാധിക്കുന്നു. അതാണ് ലാലുവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ലാലുപ്രസാദ് യാദവിന്റെ കേസ് കേട്ട റാഞ്ചിയിലെ പ്രത്യേക സിബിഐകോടതി ജഡ്ജിക്ക് പല സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും പ്രലോഭനങ്ങളെയും നേരിടേണ്ടിവന്നു. അത് ജഡ്ജി പരസ്യമായി പറയുകയും ചെയ്തു. ആ പ്രലോഭനങ്ങള്‍ തന്നെയാകും ചുമത്തപ്പെട്ട വകുപ്പുകള്‍ വഴി ലഭിക്കാവുന്ന പരമാവധി ശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
മിണ്ടാപ്രാണികളായ നാല്‍ക്കാലികള്‍ക്കുള്ള തീറ്റയില്‍ കൈയിട്ടുവാരിയാണ് ദേശീയ രാഷ്ട്രീയത്തില്‍ ലാലുവും കുടുംബവും അമറിക്കൊണ്ടിരുന്നത്. അവര്‍ക്കിപ്പോള്‍ കുടുംബസമേതം തന്നെയാണ് ശിക്ഷ ലഭിക്കാന്‍ പോകുന്നത്. ഇത് നാല്ക്കാലികളുടെ ശാപമായേ കാണാന്‍ കഴിയൂ. രാജ്യത്തെ ഞെട്ടിച്ച യുപിഎ ഭരണത്തിലെ അഴിമതിവീരന്മാരേയും ഇത്തരം ശിക്ഷകള്‍ തന്നെയാവും കാത്തിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: