തൃശൂര്‍: ആദ്യം പ്രതിഷേധം, പിന്നിട് നാടന്‍പാട്ടിന്റെ രുദ്രതാളത്തില്‍ അലിഞ്ഞു ചേര്‍ന്ന് ആസ്വാദകര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മത്സരം നടന്ന സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജില്‍ ആദ്യം തുടി കൊട്ടിയത് പ്രതിഷേധം.
രാവിലെ ഒന്‍പതിന് തുടങ്ങേണ്ട മത്സരം ആരംഭിച്ചത് പതിനൊന്നരയോടെ. നാടന്‍പാട്ടിന് ആവശ്യമായ ശബ്ദസജ്ജീകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താതിരുന്നതോടെ സദസിലും വേദിയിലും ഒരുപോലെ പ്രതിഷേധം ഉയര്‍ന്നു. ഏഴു പേര്‍ അടങ്ങുന്ന ടീമിന് നല്‍കിയത് നാലു മൈക്ക് മാത്രം. തനത് വാദ്യോപകരണങ്ങള്‍ കുട്ടികള്‍ തന്നെ വായിക്കണമെന്നതിനാല്‍ കുറഞ്ഞത് പത്ത് മൈക്കെങ്കിലും അത്യാവശ്യമായിരുന്നു. ഓപ്പണ്‍ സ്റ്റേജില്‍ ആസ്വാദകര്‍ക്ക് കാണാനുള്ള സ്ഥലപരിമിതിയും, സ്റ്റേജിന്റെ വലുപ്പ കുറവുമെല്ലാം ചര്‍ച്ചയായെങ്കിലും കൂടുതല്‍ മൈക്കുകള്‍ എത്തിച്ച് പരിഹാരം കണ്ടു.
അടിച്ചമര്‍ത്തപ്പെട്ടവന്റെയും, അന്യവത്കരിക്കപ്പെടുന്നവരുടെയും വേദനകളും അതിജീവനവും പാട്ടുകളില്‍ നിറഞ്ഞു നിന്നു. പാക്കനാരും, പാണനും, അനുഷ്ഠാന പാട്ടുകളും, കൃഷി പാട്ടുകളും ഉത്സവ പാട്ടുകളും, കളിപാട്ടുകളും താളവും മേളവും തീര്‍ത്തു. പുള്ളുവന്‍ പാട്ടും, പടയണിപ്പാട്ടുകളും അകമ്പടിയേകി. പാരമ്പര്യമായ വേഷവിതാനങ്ങളോടെയാണ് എല്ലാ ടീമുകളും രംഗത്തെത്തിയത്. മത്സരത്തില്‍ വേഷത്തിന് പ്രാധാന്യമില്ലെങ്കിലും, തനത് വേഷങ്ങള്‍ ചന്തം കൂട്ടി. അപ്പീലുകള്‍ ഉള്‍പ്പടെ 27 ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്.
















