തൃശൂര്‍: കലാഹൃദയങ്ങളില്‍ നിന്ന് നാടകം മാഞ്ഞിട്ടില്ലെന്നതിന് തെളിവായിരുന്നു സംഗീത നാടക അക്കാദമി ഹാളില്‍ നിറഞ്ഞു തുളുമ്പിയ നാടക ആസ്വാദകര്‍. ഒടുവില്‍ ഹാളിന് പുറത്ത് എല്‍ഇഡി സ്ക്രീനില്‍ അരങ്ങില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന നാടകം കാണി ക്കേണ്ട അവസ്ഥയിലായി.
സാംസ്കാരിക നഗരി ഇന്നലെ രാവിലെ തന്നെ നാടക വേദിയിലേക്ക് ഒഴുകിയെത്തി. ഹൈസ്കൂള്‍ വിഭാഗം നാടകമാണ് അരങ്ങേറിയത്. തിങ്ങിനിറഞ്ഞ ഹാളില്‍ കാണികള്‍ നിലത്തിരുന്നിട്ടും പിന്നെയും ആസ്വദകര്‍ അകത്തേക്ക് കയറാന്‍ തിരക്ക് കൂട്ടി. ഉച്ചകഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു. പോലീസും നിസഹായരായപ്പോഴാണ് ഹാളിനു വെളിയില്‍ ഓപ്പണ്‍ സ്റ്റേജില്‍ എല്‍ഇഡി സ്ക്രീന്‍ സജ്ജീകരിച്ചത്.
എല്‍ഇഡി സ്ക്രീനില്‍ നാടകം കാണിക്കുന്നതിനെ നാടകപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. സ്റ്റേജില്‍ കാണേണ്ട നാടകം ഇത്തരത്തില്‍ കാണിക്കുന്നത് ശരിയല്ലെന്ന് അവര്‍ വിമര്‍ശിച്ചു. ശബ്ദ സംവിധാനത്തിലെ തകരാറും പൊടിശല്യവും സ്ക്രീനില്‍ കാണാനെത്തിയവരെ വിഷമിപ്പിച്ചു. എങ്കിലും തൃശൂരിന്റെ നാടക മനസ് അതും സഹിച്ചു. പ്രൊഫഷണല്‍ നാടക മത്സരങ്ങള്‍ക്ക് അക്കാദമി ഹാള്‍ വേദിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. വലിയൊരു ആസ്വാദകവൃന്ദത്തെ ഉള്ക്കൊള്ളാനാകില്ലന്നായിരുന്നു പ്രധാന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: