വിളപ്പില്‍: ആരോരുമില്ലാത്ത വാര്ധക്യങ്ങള്ക്ക് അന്തിയുറങ്ങാന്‍ വിളപ്പില്‍ പഞ്ചായത്ത് നിര്‍മിച്ച വൃദ്ധസദനം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം. പേയാട് തുരുത്തുംമൂല തുലാംകോണത്ത് 20 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച വൃദ്ധസദനമാണ് ആര്‍ക്കും പ്രയോജനമില്ലാതെ നശിക്കുന്നത്. 2015ല്‍ എ. സമ്പത്ത് എംപി ഉദ്ഘാടനംചെയ്ത വൃദ്ധസദനത്തിന്റെ വാതില്‍ പിന്നീട് ഇന്നേവരെ ആരും തുറന്നു കണ്ടിട്ടില്ല.
ഉദ്ഘാടനവേളയില്‍ സംരക്ഷണം തേടി നാല്‍പ്പതോളം അനാഥ വൃദ്ധജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഉടന്‍ പ്രവേശനം നല്‍കാമെന്ന് ഉറപ്പുനല്‍കി ഇവരെ പറഞ്ഞുവിട്ടു. ജീവനക്കാരെ നിയോഗിക്കണം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം ഇങ്ങനെ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വൃദ്ധരെ മടക്കി അയച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും വൃദ്ധസദനം പ്രവര്‍ത്തനം ആരംഭിച്ചില്ല. പ്രവേശനംതേടി കാത്തിരുന്നവരില്‍ പലരും പ്രായാധിക്യം കൊണ്ടും രോഗങ്ങള്‍ ബാധിച്ചും മരണപ്പെട്ടു. ശേഷിച്ചവര്‍ മറ്റെവിടെയോ അഭയം കണ്ടെത്തി. എന്നാല്‍ ഇപ്പോഴും അറ്റകുറ്റപണിയും തേച്ചുമിനുക്കലും അവസാനിക്കാതെ പഞ്ചായത്തുവക വൃദ്ധസദനം വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ പൊടിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് വൃദ്ധസദനം വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ വകുപ്പ് മന്ത്രിയെ കൊണ്ടുവരാന്‍ ഭരണസമിതി ശ്രമിച്ചു. വയോജനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ജീവനക്കാരെ നിയമിക്കണമെന്ന അഭിപ്രായം പഞ്ചായത്ത് കമ്മറ്റിയില്‍ ഉയര്‍ന്നു. ഇതിനായി സെലക്ഷന് കമ്മറ്റിയെയും നിയോഗിച്ചു. ഭരണകക്ഷിയുടെ താത്പര്യപ്രകാരം സിപിഎം, സിപിഐ പ്രവര്‍ത്തകരായ നാലു പേരെ ജീവനക്കാരാക്കാന് സെലക്ഷന് കമ്മറ്റിക്ക് മുന്നില്‍ കൊണ്ടുവന്നു. ഇത് പ്രതിപക്ഷം എതിര്‍ത്തു. അതോടെ നിയമനം മുടങ്ങി. ഇനി ജീവനക്കാരെ നിയമിക്കണമെങ്കില്‍ പ്രതിപക്ഷവുമായി സമവായമുണ്ടാക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് ദിവസങ്ങള്‍ വേണ്ടിവരും. പഞ്ചായത്ത് ബജറ്റില്‍ വൃദ്ധസദനത്തിന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പണം വകയിരുത്തിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു ആംബുലന്‍സ് പോലും കടന്നുചെല്ലാത്ത ഇടുങ്ങിയ റോഡിലാണ് വൃദ്ധസദനം. അതുകൊണ്ടു തന്നെ ഈ വൃദ്ധസദനത്തിന് സാമൂഹ്യനീതി വകുപ്പ് എങ്ങനെ പ്രവര്‍ത്തനാനുമതി നല്‍കിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
വിളപ്പില്‍ പഞ്ചായത്ത് തുരുത്തുംമൂലയില്‍ സ്ഥാപിച്ചിരിക്കുന്ന വൃദ്ധസദനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: