മുംബൈ: മഹാരാഷ്‌ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ഗതാഗതം സ്തംഭിച്ചു. മുംബൈ, പുനെ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത് മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ബസ്, ഓട്ടോ റിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. കാര്‍ണാടക- മഹാരാഷ്‌ട്ര ഇന്റര്‍ സ്റ്റേറ്റ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബന്ദിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലെ ഏഴു ജില്ലകളില്‍ കര്‍ഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ട്രെയിന്‍ തടയുന്ന പ്രതിഷേധക്കാര്‍ ദളിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.
ഭീമ-കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിനിടെയാണ് ദലിതുകള്‍ ആക്രമിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് മുംബൈയിലെ ചെമ്പൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഔറംഗബാദ് തുടങ്ങിയ ഇടങ്ങളില്‍ ചൊവ്വാഴ്ച പ്രതിഷേധം ഇരമ്പി. പ്രതിഷേധക്കാര്‍ റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു.
പുണെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ പോലീസ് 144 പ്രഖ്യാപിച്ചു. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കറാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
















