ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയുടെ കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഎസ് പക്ഷത്തെ നാമാവശേഷമാക്കി ആധിപത്യം ഉറപ്പിച്ച ഔദ്യോഗിക പക്ഷത്ത് പാളയത്തില്‍പട. ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്ന സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന്‍, ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവരുടെ ഏകാധിപത്യത്തിനെതിരെ ഔദ്യോഗിക പക്ഷത്തു തന്നെ അമര്‍ഷം ശക്തമാണ്.
ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ചാരൂംമൂട് ഏരിയ സമ്മേളനത്തിലുണ്ടായ വാക്കേറ്റവും തമ്മിലടിയും. ഔദ്യോഗിക പക്ഷത്തെ ഭിന്നത രൂക്ഷമായപ്പോള്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് താല്‍ക്കാലിക കമ്മറ്റിയെ തെരഞ്ഞെടുത്തു. ജി. സുധാകരന്റെ അടുത്തയാളെന്ന് അറിയപ്പെട്ടിരുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം അകലുന്നതിന്റെ വ്യക്തമായ സൂചനയാണ് കമ്മറ്റി പിടിച്ചെടുക്കാന്‍ നടന്ന ശ്രമങ്ങള്‍.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിയാണെന്ന ആരോപണവുമുണ്ട്. ഇതിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കാനും നീക്കമുണ്ട്. ജില്ലയിലെ പതിനാറ് ഏരിയ കമ്മറ്റികളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചതോടെ ജില്ലാ സമ്മേളനത്തില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരില്ലെന്ന പിണറായി പക്ഷത്തിന്റെ കണക്കുകൂട്ടല്‍ പൊളിയാനാണ് സാദ്ധ്യത.
ഭരണത്തിനെതിരെയും സംസ്ഥാന നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരാനിടയില്ലെങ്കിലും ജില്ലാ സെക്രട്ടറിക്കും ജി. സുധാകരനും എതിരെ കടുത്ത വിമര്‍ശനത്തിനാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹത്തിലെ ധൂര്‍ത്ത്, മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനത്തെ ചൂടുപിടിപ്പിക്കും.
ജില്ലാ സെക്രട്ടറിയെ കണ്ണടച്ച് സംരക്ഷിക്കുന്നെന്ന് വിമര്‍ശനമാണ് സുധാകരനെതിരെയുള്ളത്. എന്നാല്‍ പിണറായി വിജയന്‍ അടക്കമുള്ളവരുമായുള്ള അടുത്ത ബന്ധവും, ഒരു തവണ മാത്രമെ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ളു എന്ന പരിഗണനയും സജി ചെറിയാന് അനുകൂലമാണ്. കഴിഞ്ഞ സമ്മേളന കാലയളവ് വരെ സജീവമായിരുന്ന കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സമ്മേളനങ്ങളില്‍ നിര്‍ജ്ജീവമാണ്.
വിഎസിനൊപ്പം എക്കാലവും നിന്ന സംസ്ഥാന കമ്മറ്റിയംഗം സി.കെ. സദാശിവനെ ഇത്തവണ സംസ്ഥാന സമ്മേളന പ്രതിനിധി പോലുമാക്കാതെ വെട്ടിനിരത്താനാണ് സാദ്ധ്യത.
















