പത്തനംതിട്ട: കേരളത്തെ ബാലഭിക്ഷാടന മുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം ശിശുസൗഹൃദ സംസ്ഥാനമാണെങ്കിലും നേരിയ തോതില്‍ ബാലവേലയും ബാലഭിക്ഷാടനവും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പരിഹാരമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പൈലറ്റ് പ്രൊജക്ടാണ് ശരണബാല്യം. എവിടെയെങ്കിലും കുട്ടികള്‍ ഭിക്ഷയെടുക്കുന്നതായി കണ്ടാല്‍ ഉടന്‍ 1517 എന്ന ട്രോള്‍ഫ്രീ നമ്പരില്‍ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ശബരിമലയില്‍ ബാലഭിക്ഷാടനം തടയുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ശരണബാല്യം പദ്ധതിയാണ് സംസ്ഥാനത്ത് വ്യാപകമാക്കുന്നത്.
വിവിധ പുവര്‍ഹോമിലും മറ്റും താമസിക്കുന്ന കുട്ടികളുടെ കലാകായിക അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിന് ദിശ എന്ന പദ്ധതി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വീണാജോര്‍ജ് എംഎല്‍എ അദ്ധ്യക്ഷയായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
















