കാരിക്കോട്:ബാലവിഭാഗം സംസ്‌കൃത പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ദക്ഷിണ കെ. ബിജുവിന് സംസ്‌കൃതം കുടുംബകാര്യം. തൃശൂര്‍ കൊടകര സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥിനിയാണ് ദക്ഷിണ. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ ദക്ഷിണ 2016-ല്‍ ഹിന്ദി പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സംസ്‌കൃത അധ്യാപകനായ പിതാവ് ബിജുവിന്റെ ശിക്ഷണത്തിലാണ് ദക്ഷിണ നേട്ടം കൊയ്തത്.
സംസ്‌കൃത നാടകരചനയും സംവിധാനവും ചെയ്യുന്ന ബിജു 20 വര്‍ഷമായി ഈ രംഗത്ത് സജീവമാണ്. സ്‌കൂള്‍ കലോത്സവ വേദിയില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി 8 വര്‍ഷം നാടകമത്സരത്തിന് സംസ്ഥാന കലോത്സവത്തില്‍ സംസ്‌കൃത നാടകത്തില്‍ ബിജു സംവിധാനം ചെയ്ത നാടകത്തിന് ഒന്നാം സമ്മാനം നേടിയിരുന്നു.
തൃശൂര്‍ പുറപ്പൂക്കര പിവിഎച്ച്എസിലെ സംസ്‌കൃത അധ്യാപകനാണ് ബിജു. ദക്ഷിണയുടെ സഹോദരങ്ങളായ ദീക്ഷിത് കെ. ബിജു, ദേവറിത് കെ. ബിജു എന്നിവരും സംസ്‌കൃത കഥാകഥനത്തില്‍ സ്ഥിരമായി സമ്മാനം നേടുന്നവരാണ്. അമ്മ അനുസ്മിത കൊടകര സരസ്വതി വിദ്യാനികേതനിലെ അധ്യാപികയാണ്.
















