പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നിലംപണി തുടങ്ങി. ക്ഷേത്രമതിലിനകവും പുറവും ഭഗവതിയുടെ പന്തല്‍ മംഗലത്തിനായി ഒരുക്കുന്നതിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് നിലംപണി. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ കൈലാസകല്ലിനു സമീപം തമ്പുരാട്ടിയുടെ പ്രതിപുരുഷന്‍ നിലംപണിക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ദേവതമാരുടെ പ്രതിപുരുഷന്‍മാര്‍ കോയ്‌മമാരോടും സന്നിഹിതരായ മറ്റ് ആചാര സ്ഥാനികരോടും സമ്മതം വാങ്ങിയാണ് നിലംപണി തുടങ്ങിയത്. കൈലാസക്കല്ലിനു സമീപം നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകി നിലംപണി തുടങ്ങി. തുടര്‍ന്ന് അന്ന പ്രസാദവും വിതരണം ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കത്തിനായി മുഴുവന്‍ സമയവും വാലിയക്കാര്‍ ക്ഷേത്രത്തിലുണ്ടാകും. പാലമരത്തിന് കുറിയിടല്‍ ചടങ്ങ് 23 ന് രാവിലെ 9.40നും 10.25 നും ഇടയില്‍ നടക്കും. അന്നേ ദിവസം മുറിച്ചെടുക്കുന്ന പാലക്ക് പകരമായി പത്തോളം പാലമരതൈകള്‍ നടും. കന്നിക്കലവറക്ക് കുറ്റിയടിക്കല്‍ 24 ന് രാവിലെ 10 നും 10.20നും ഇടയില്‍ നടക്കും.
















