ലക്നൗ : നോയിഡ സന്ദര്‍ശിച്ചാല്‍ അധികാരം നഷ്ടപ്പെടുമെന്ന അന്ധവിശ്വാസത്തെ തിരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോയ്ഡ- കൽക്കാജി മെട്രോ റയിൽ ലൈൻ ഉദ്ഘാടനം നടത്താനായി എത്തും .അവിടെ മോദിയെ സ്വീകരിക്കാനായാണ് യോഗി എത്തുക.
അധികാരത്തിലിരിക്കവെ നോയ്ഡ സന്ദർശിച്ചവർക്കൊക്കെ അധികാര കസേര നഷ്ടപ്പെട്ടതായാണ് വിശ്വാസം. കസേര നഷ്ടപ്പെടുമെന്ന് പേടിച്ച് യോഗി ആദിത്യനാഥിന്റെ മുൻഗാമിയായിരുന്ന അഖിലേഷ് യാദവ്, തന്റെ അഞ്ചു വർഷത്തെ ഭരണ ജീവിതത്തിൽ ഒരിക്കൽ പോലും നോയ്ഡ സന്ദർശിച്ചിരുന്നില്ല. നോയിഡയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ചെയ്തിരുന്നത്.
ബിഎസ്‌പി നേതാവ് മായാവതി മുഖ്യമന്ത്രിയായതിനു ശേഷം നാലു തവണ നോയ്ഡ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് അവര്‍ക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടത്. 1988 ൽ മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗ് നോയ്ഡ സന്ദർശിച്ചിരുന്നു. അധികം വൈകിയില്ല കസേര നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പിന്മുറക്കാരായ നാരായൺ ദത്ത് തിവാരി, മുലായം സിംഗ്, കല്യാൺ സിംഗ് എന്നിവരുടെയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല.
















