ജോഹന്നസ്ബര്‍ഗ്: സിംബാബ്‌വെക്കെതിരെ നടക്കുന്ന ആദ്യ ചതുര്‍ദ്ദിന അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിലേക്ക് എബി ഡിവില്ലിയേഴ്‌സ്, ഡെയ്ല്‍ സ്‌റ്റെയിന്‍, ഫിലാന്‍ഡര്‍ എന്നിവരെ തിരിച്ചുവിളിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ഒരു മത്സരം മാത്രമാണുള്ളത്. ജനുവരി ആദ്യം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പ് മത്സരമായാണ് ദക്ഷിണാഫ്രിക്ക ചതുര്‍ദിന ടെസ്റ്റ് മല്‍സരത്തെ കാണുന്നത്.
ഡിസംബര്‍ 26നാണ് ചരിത്രത്തിലെ ആദ്യ ചതുര്‍ദ്ദിന ടെസ്റ്റ് തുടങ്ങുന്നത്. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കിലാണ് മത്സരം. 2016 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിച്ചശേഷം ഡിവില്ലിയേഴ്‌സ് ടെസ്റ്റ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുനനു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സ്‌റ്റെയിന്‍ അവസാന ടെസ്റ്റ് കളിച്ചത്. ഇതിനിടെ തോളെല്ലിനുപരിക്കേറ്റതിനെ തുടര്‍ന്നാണ് സ്‌റ്റെയിന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്.
പരിക്കിന്റെ പിടിയിലായിരുന്ന മോണെ മോര്‍ക്കലിനെയും വെറോണ്‍ ഫിലാന്‍ഡറെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒരു പ്രാദേശിക ടി20 മല്‍സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമില്‍ ഹാഷിം ആംല, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍ എന്നീ പ്രമുഖരുമുണ്ട്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജും ടീമിലെത്തിയിട്ടുണ്ട്.
ടീം: ഡുപ്ലെസിസ്, ഹാഷിം ആംല, ടെംബ ബാവുമ, ക്വന്റണ്‍ ഡി കോക്ക്, ഡി ബ്രൂയന്‍, ഡിവില്ലിയേഴ്‌സ്, ഡീന്‍ എല്‍ഗാര്‍, കേശവ് മഹാരാജ്, ഐഡന്‍ മാര്‍ക്രം, മോണെ മോര്‍ക്കല്‍, അന്‍ഡിലെ ഫെഹ്‌ലുക്വായോ, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ, സ്‌റ്റെയിന്‍.
















