തൊടുപുഴ: നഗരസഭാ കൗണ്‍സിലില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളെ ചൊല്ലി ബഹളം, രൂക്ഷമായ വാക്‌പോര്. ജനുവരി ഒന്നുമുതല്‍ നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും കര്‍ശനമായി നിരോധിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ബഹളം മൂലം രണ്ട് അജണ്ടകള്‍ മാത്രമാണ് കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാനായത്. തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി.
നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കാന്‍ പറ്റികയില്ല എന്ന് യുഡിഎഫും ബിജെപിയും നിലപാടെടുത്തപ്പോള്‍ എല്‍ഡിഎഫ് എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സര്‍വ്വ കക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ തള്ളുകയായിരുന്നു. തീരുമാനത്തിനായി വോട്ടിനിടാം എന്ന് പറഞ്ഞപ്പോള്‍ ബിജെപി പ്രതിനിധികള്‍കൂടി അനുകൂല നിലപാട് അറിയിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയായി. 2013 ഫെബ്രുവരി 21ലെ കോടതി ഉത്തരവനുസരിച്ചാണ് നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ നിരോധിച്ചത്.
അടുത്തിടെ ഒരു സര്‍വീസ് സംഘടന സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ മാറ്റിയത് സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. ദൂരപരിധി നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെയും യോഗം ഉടനടി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
കാഞ്ഞിരമറ്റം ഉറുമ്പില്‍ തോട് ശുചീകരണത്തെ തഴഞ്ഞ് കോലാനി തോട് ശുചീകരിക്കുന്നതിനായി രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഫണ്ട് അനുവദിച്ച സംഭവം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ബിജെപി പ്രതിനിധി രേണുക രാജശേഖരന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് രണ്ട് തോടുകളുടെയും പണി ഒരുമിച്ച് നടത്തുവാനും കൗണ്‍സിലില്‍ തീരുമാനമായി. തോടിന്റെ ശുചീകരണം സംബന്ധിച്ച് കണക്ക് തയ്യാറാക്കി നഗരസ
ഭയ്‌ക്കും ഇറിഗേഷന്‍ വകുപ്പിനും നല്‍കിയതായിരുന്നെന്നും മനപൂര്‍വ്വം ഇതിന് അനുവദിച്ച ഫണ്ട് വകമാറ്റുകയായിരുന്നെന്നും രേണുക രാജശേഖരന്‍ കുറ്റപ്പെടുത്തി.
















