ന്യൂദല്‍ഹി: ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 2015ലെ 523ല്‍ നിന്ന് 2025ല്‍ 891 ആയി വര്‍ദ്ധിച്ചതായി കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സിംഹങ്ങളുടെ സംരക്ഷണത്തിനായി പരിശ്രമിക്കുന്നവര്‍, പ്രാദേശിക ജനസമൂഹങ്ങള്‍ എന്നിവരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമായതെന്നും അദ്ദേഹം അറിയിച്ചു. ലോക സിംഹദിനത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതില്‍ ഭാരതം കൈവരിച്ച വിജയം വന്യജീവികളോടും ജൈവവൈവിധ്യത്തോടുമുള്ള പ്രതിബദ്ധതയുടെ തെളിവാണ്.
ഏഷ്യന്‍ സിംഹങ്ങളുടെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനായി 2020 ആഗസ്ത് 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോജക്ട് ലയണ്‍ പ്രഖ്യാപിച്ചത്. വാസസ്ഥലങ്ങളുടെ വികസനം, രോഗനിരീക്ഷണവും വെറ്ററിനറി സേവനങ്ങളും, ശാസ്ത്രീയമായ കണക്കെടുപ്പ്, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപെടലുകള്‍, ജൈവവൈവിധ്യ സംരക്ഷണം, പ്രാദേശിക പങ്കാളിത്തം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കി ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള സമഗ്രവും വിശാലവുമായ സമീപനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.











