ലിനിയർ ടെലിവിഷനിലും ഡിജിറ്റൽ സ്ക്രീനുകളിലുമായി മൊത്തത്തിലുള്ള പ്രേക്ഷകരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.4 മടങ്ങ് വർദ്ധിച്ചു
മുംബൈ, ഓഗസ്റ്റ് 10 2026: നീൽസണുമായി (Nielsen) സഹകരിച്ച് തയ്യാറാക്കിയ ‘ദി ബ്യൂട്ടിഫുൾ ഗെയിംസ് ഇന്ത്യൻ ഡെക്കേഡ്’ (The Beautiful Game’s Indian Decade) എന്ന പഠന റിപ്പോർട്ട് ജിയോസ്റ്റാർ (JioStar) ഇന്ന് പുറത്തുവിട്ടു. ഇന്ത്യയിൽ പ്രീമിയർ ലീഗിനുണ്ടായ വൻ പ്രേക്ഷക വളർച്ച വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. ബാർക് (BARC) വിവരങ്ങളും നീൽസണിന്റെ ഉപഭോക്തൃ ഗവേഷണവും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട്, പ്രീമിയർ ലീഗ് എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കായിക സമൂഹങ്ങളിലൊന്നായി മാറിയതെന്ന് വിശദീകരിക്കുന്നു.
2025/26 സീസണിൽ ജിയോസ്റ്റാർ നെറ്റ്‌വർക്കിലുടനീളം ഇന്ത്യക്കാർ മൊത്തം 9.04 ബില്യൺ (904 കോടി) മിനിറ്റ് പ്രീമിയർ ലീഗ് ഫുട്ബോൾ കണ്ടു. ലിനിയർ ടിവിയിലെ (LTV) കാഴ്ചക്കാരുടെ സമയം ചാമ്പ്യൻസ് ലീഗിനേക്കാൾ 3 മടങ്ങാണ്. ജിയോസ്റ്റാറിന്റെ ലിനിയർ ടെലിവിഷനിലൂടെയും ഡിജിറ്റൽ സ്ക്രീനുകളിലൂടെയുമുള്ള സംയോജിത പ്രേക്ഷക പങ്കാളിത്തം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.4 മടങ്ങ് വർദ്ധിച്ചു. നിലവിൽ ഇന്ത്യയിൽ പ്രീമിയർ ലീഗിന് 14.45 കോടി (144.5 million) ആരാധകരാണുള്ളത്.
പ്രീമിയർ ലീഗിന്റെ വളർച്ച മെട്രോ നഗരങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജസ്ഥാൻ, ബീഹാർ/ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അഞ്ച് വർഷം മുമ്പ് ആകെ കാഴ്ചക്കാരുടെ 12% സംഭാവന ചെയ്തിരുന്ന സ്ഥാനത്ത്, ഇപ്പോൾ ഏകദേശം 25% പങ്കാളിത്തം വഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ശതമാനത്തിലധികം വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ ഇപ്പോൾ മൊബൈൽ, വെബ് കാഴ്ചകളുടെ 55 ശതമാനവും കണക്റ്റഡ് ടിവിയുടെ (CTV) 63 ശതമാനവും സംഭാവന ചെയ്യുന്നു. മെട്രോ ഇതര നഗരങ്ങളിൽ വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെയാണ് ഇത് സൂചിപ്പിക്കുന്നത്.
അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിലെ പ്രീമിയർ ലീഗ് ആരാധകർക്ക് പ്രധാന പ്രേരക ശക്തിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രമുഖ പ്രീമിയർ ലീഗ് താരങ്ങൾ തങ്ങളുടെ ദേശീയ ടീമുകൾക്കായി കളിക്കുന്നത് കാണുമ്പോൾ അവരുമായുള്ള പരിചയം വർദ്ധിക്കുന്നു. ഈ താല്പര്യം ക്ലബ്ബ് സീസണിലേക്കും തുടരുകയും ഉയർന്ന കാഴ്ചക്കാരെ നൽകുകയും ചെയ്യുന്നു. 2022-ലെ ഖത്തർ ഫിഫ ലോകകപ്പിന് ശേഷം, തൊട്ടടുത്ത സീസണിൽ ഇന്ത്യയിലെ പ്രീമിയർ ലീഗ് കാഴ്ചക്കാരുടെ എണ്ണത്തിൽ 58% വർദ്ധനവുണ്ടായി, തുടർന്നും രണ്ടക്ക വളർച്ച നിലനിർത്താൻ സാധിച്ചു.
പ്രേക്ഷകരുടെ സ്വഭാവവും രീതികളും ആഴത്തിൽ പഠിച്ചപ്പോൾ, പ്രീമിയർ ലീഗ് ആരാധകർ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക ശേഷിയുള്ള ഉപഭോക്തൃ വിഭാഗങ്ങളിലൊന്നാണെന്ന് വ്യക്തമായി. അവരിൽ 70% പേരും പ്രതിമാസം ₹40,000-ൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്‌ക്കുന്നവരാണ്, 67% പേർക്ക് 751 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ (CIBIL) സ്കോറുണ്ട്, 87% പേർ OTT, മ്യൂസിക്, സ്പോർട്സ് പ്ലാറ്റ്‌ഫോമുകളുടെ പണമടച്ചുള്ള വരിസംഖ്യാക്കാരാണ് (Paid Subscribers).
ഓഗസ്റ്റ് മുതൽ മേയ് വരെ നീണ്ടുനിൽക്കുന്ന 380 മത്സരങ്ങൾ അടങ്ങിയ ഒരു സീസണിലുടനീളം പ്രേക്ഷകർ സജീവ പങ്കാളിത്തം പുലർത്തുന്നു. തത്സമയ മത്സരങ്ങളും ഹൈലൈറ്റുകളും കാണുന്നതിനൊപ്പം സോഷ്യൽ മീഡിയ ചർച്ചകളിലും അവർ പങ്കാളികളാകുന്നു. അർദ്ധരാത്രിയിലെ മത്സരങ്ങൾ ആരാധകരുടെ ആഴ്ചതോറുമുള്ള ശീലമായി മാറിയിരിക്കുന്നു. ആകെ കാഴ്ചാ സമയത്തിന്റെ 27% അർദ്ധരാത്രി 12:00 മണിക്കും പുലർച്ചെ 3:00 മണിക്കും ഇടയിലാണ് നടക്കുന്നത്.
പ്രീമിയർ ലീഗ് ചീഫ് മീഡിയ ഓഫീസർ പോൾ മോൾനാർ പറഞ്ഞു: “പ്രീമിയർ ലീഗിന് ഏറ്റവും അഭിനിവേശമുള്ളതും അതിവേഗം വളരുന്നതുമായ ആരാധകവൃന്ദമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സമീപകാലത്ത് ഇത് എങ്ങനെ വികസിച്ചുവെന്ന് ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കൂടുതൽ ഇന്ത്യൻ ആരാധകർ ലീഗുമായും ഞങ്ങളുടെ ക്ലബ്ബുകളുമായും കളിക്കാരുമായും എന്നത്തേക്കാളും കൂടുതൽ അടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മറ്റൊരു ആവേശകരമായ സീസണിലേക്ക് കടക്കുമ്പോൾ, ഇന്ത്യയിലെ ആരാധകരെ പ്രീമിയർ ലീഗിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും മികച്ച കാഴ്ചാനുഭവം നൽകുന്നതിനുമായി ജിയോസ്റ്റാറുമായി അടുത്ത് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
ജിയോസ്റ്റാർ സ്പോർട്സ് സെയിൽസ് ഹെഡ് അനൂപ് ഗോവിന്ദൻ പറഞ്ഞു: “ഇന്ന് ഇന്ത്യയിലെ പ്രീമിയർ ലീഗിന്റെ കഥ എന്ന് പറയുന്നത് ദശലക്ഷക്കണക്കിന് ആരാധകരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫുട്ബോൾ മാറിയതിന്റെ കഥയാണ്. പ്രേക്ഷകരുടെ വളർച്ച എണ്ണത്തിൽ മാത്രമല്ല, അവരുടെ സാമ്പത്തിക ശേഷിയിലും സജീവ പങ്കാളിത്തത്തിലും വൈവിധ്യത്തിലുമാണെന്ന് ഈ റിപ്പോർട്ട് വീണ്ടും ഉറപ്പിച്ചുപറയുന്നു. ലൈവ് മത്സരങ്ങൾക്കപ്പുറമുള്ള അനുഭവങ്ങൾ ആഗ്രഹിക്കുന്ന യുവാക്കളും മെട്രോ, നോൺ-മെട്രോ പ്രേക്ഷകരുമായിരിക്കും അടുത്ത വളർച്ചാ ഘട്ടത്തെ നയിക്കുക.”
നീൽസൺ ഇന്ത്യ ഓഡിയൻസ് മെഷർമെന്റ് ലീഡ് ഹേമന്ത് കേവല്യ പറഞ്ഞു: “നീൽസണിന്റെ ആഗോള റിപ്പോർട്ട് അനുസരിച്ച്, ക്രിക്കറ്റിന് തൊട്ടുപിന്നിലായി മുതിർന്നവർക്കിടയിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ജനപ്രിയമായ കായിക ഇനമാണ് ഫുട്ബോൾ. മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷക താല്പര്യങ്ങളും പെരുമാറ്റവും മനസ്സിലാക്കിക്കൊണ്ട്, പ്രീമിയർ ലീഗ് പ്രേക്ഷകർ വിവിധ മേഖലകളിലും പ്ലാറ്റ്‌ഫോമുകളിലും കായികമേഖലയുമായി എങ്ങനെ ഇടപെടുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇത് മാധ്യമ രംഗത്ത് കൂടുതൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.”
















