പുനലൂര്‍: അച്ചന്‍കോവില്‍ അയ്യന് ചാര്‍ത്താനുള്ള തിരുവാഭണവുമായി കടന്നുവരുന്ന ഘോഷയാത്രയ്‌ക്ക് വിളക്ക് തെളിച്ച് വരവേല്പ് അരുളി വനമധ്യത്തില്‍ ഒരു മുസ്ലിം ദേവാലയം. നിലവിളക്ക് കൊളുത്താത്ത മതമൗലികവാദപ്രചാരവേലക്കാര്‍ക്കിടയിലാണ് കിഴക്കന്‍ മേഖലയില്‍ വനമധ്യത്തായി സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളി മാതൃകയാകുന്നത്. അച്ചന്‍കോവില്‍- ചെങ്കോട്ട വനപാതയില്‍ പള്ളിവാസലില്‍ സ്ഥിതി ചെയ്യുന്ന കനകത്തില്‍ മീരാന്‍ തര്‍ഹ എന്ന മുസ്സീം ദേവാലയത്തിന്റെ സംഘാടകരാണ് അച്ചന്‍കോവില്‍ ധര്‍മ്മശാസ്താ ക്ഷേത്ര വഴിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. പള്ളിക്ക് മുന്നില്‍ കുരുത്തോല തൂക്കി വിളക്ക് വെച്ചും നിറദീപമൊരുക്കിയുമാണ് ശാസ്താവിന്റെ അടയാഭരണങ്ങള്‍ അടങ്ങിയ ഘോഷയാത്രയെ വരവേറ്റത്.
















