ഗുരുഗ്രാം: ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച ഏഴുവയസുകാരിയുടെ കുടുംബത്തിന് 15.5 ലക്ഷത്തിന്റെ ബില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സാധാരണ ഉപയോഗിക്കുന്നതും ചെലവു കുറഞ്ഞതുമായ മരുന്നുകള്‍ക്കു പകരം വളരെ വിലകൂടിയ മരുന്നുകളാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു നല്‍കുന്നതെന്നും ആശുപത്രിയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ക്ക് യഥാര്‍ഥ വിലയുടെ അധിക വിലയാണ് ഈടാക്കുന്നതെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ 41 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച കുട്ടിയില്‍ ഉപയോഗിച്ച മരുന്നുകളിലൂടെ 107 ശതമാനം ലാഭമാണ് ആശുപത്രി നേടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതടക്കം നിരവധി ആരോപണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഫോര്‍ട്ടിസ് ആശുപത്രിക്കെതിരേ നിരത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ദല്‍ഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകള്‍ ആദ്യയെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ 15ന് കുഞ്ഞ് മരിച്ചു. ഇതിനുപിന്നാലെയാണ് 15.5 ലക്ഷം രൂപയുടെ ബില്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന് കൈമാറിയത്. 2700 ഗ്ലൗസ് ഉപയോഗിച്ചതിന് 17,142 രൂപയാണ് ബില്‍ ഈടാക്കിയത്. 15.5 ലക്ഷത്തിനു പുറമെ രക്തപരിശോധനയ്‌ക്കും മറ്റുമായി 2.17 ലക്ഷം രൂപ ആദ്യയുടെ പിതാവില്‍ നിന്നും ഈടാക്കിയിരുന്നു. 660 സിറിഞ്ചാണ് കുട്ടിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണു ബില്ലില്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം മുതല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് അതിനുശേഷം ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
















