അഹമദാബാദ്: കേരള, തമിഴ്‌നാട് തീരങ്ങളില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 3,200 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സൂററ്റിലെ 29 സ്ഥലങ്ങളില്‍ നിന്നുമാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. ഇതേതുടര്‍ന്നു ജനങ്ങളോട് പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്നു എയര്‍ഫോഴ്‌സ്, കോസ്റ്റു ഗാര്‍ഡ്, നേവി, ബിഎസ്എഫ് തുടങ്ങിയവര്‍ക്കു അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ബൊട്ടാദ്, ആരവല്ലി, ഛോട്ട, ഉധീപുര്‍, ദാഹോഡ്, മഹിസാഗര്‍, നവസരി, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളില്‍ ഏതാനും ദിവസങ്ങള്‍ കൂടി മഴയ്‌ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ ധര്‍മപുരില്‍ ചൊവ്വാഴ്ച 25 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു പോയ 13,000 ബോട്ടുകള്‍ ചൊവ്വാഴ്ച ഗുജറാത്തിന്റെ തീരങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. ബുധനാഴ്ച സൂററ്റിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി നല്‍കിയിരിക്കുകയാണ്.
















