ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ. ജയലളിത മരിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ചര്‍ച്ചകള്‍ അവരുടെ സ്വത്തുക്കളെക്കുറിച്ച്. പാര്‍ട്ടിയിലെ അധികാര സമവാക്യങ്ങള്‍ ഏറെക്കുറെ പൂര്‍ണമായതോടെ സ്വത്തുക്കളുടെ പിന്‍ഗാമിയിലേക്ക് ചര്‍ച്ച വഴിമാറി.
ഏകദേശം നാലായിരം കോടി രൂപയുടെ സ്വത്തുക്കള്‍ ജയലളിതയ്‌ക്കുണ്ടെന്നാണ് വിവരം. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന മേഖലകളിലെ ഭൂസ്വത്തുക്കള്‍, കെട്ടിടങ്ങള്‍; സ്വര്‍ണ-രത്‌നാഭരണങ്ങള്‍ എന്നിവയാണുള്ളത്. ഇതില്‍ 26 കിലോയോളമുണ്ട് ആഭരണങ്ങള്‍. ഇത് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലെ കോടതിയിലാണ്. ഭൂസ്വത്തും മറ്റും 1,000 കോടിയിലധികം വിലമതിക്കുമെന്നാണ് അനൗദ്യോഗിക വിവരം. സ്വത്തുക്കള്‍ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. 1991ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പുള്ളവ, 1991-96ലെ ഭരണകാലയളവില്‍ സമ്പാദിച്ചത്, 1996നു ശേഷമുള്ളത് എന്നിങ്ങനെ.
ജയ വില്‍പ്പത്രം എഴുതി വച്ചിട്ടില്ലെന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ ജയയുടെ സ്മാരമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മറ്റു സ്വത്തുക്കളുടെ കാര്യത്തില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. കേസുകളിലും മറ്റും തീരുമാനമാകുന്നതു വരെ കോടതി ഇടപെട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ച് സ്വത്ത് പരിപാലിക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.
എഐഎഡിഎംകെയോടും ജയയോടും ബന്ധമുള്ള അഭിഭാഷകര്‍ ബന്ധുക്കള്‍ക്കിടയില്‍ സമവമായമുണ്ടാക്കി സ്വത്ത് വീതം വയ്‌ക്കണമെന്ന അഭിപ്രായക്കാരാണ്. അതേസമയം, ജയയ്‌ക്കെതിരായ അഴിമതിക്കേസില്‍ ഡിഎംകെയ്‌ക്കായി ഹാജരായ അഭിഭാഷകരടക്കം സ്വത്ത് കണ്ടുകെട്ടണമെന്നു പറയുന്നു. പല ഇടപാടിലും അഴിമതിക്കറ പുരണ്ടിട്ടുണ്ടെന്നാണ് ഇവരുടെ വാദം.
അതിനിടെ, ജയയുടെ സ്വത്തുക്കള്‍ തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ.കെ. പുകഴേന്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 913 കോടിയുടെ ഭൂസ്വത്തുക്കളുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് ഇവര്‍ പറയുന്നു. 1996 ഗ്രാമിന് 474 രൂപ വച്ച് വാങ്ങിയ സ്വര്‍ണം ഗ്രാമിന് 2,600 രൂപയായി. ഇതനുസരിച്ച് സ്വത്തുക്കളുടെ ആകെ മൂല്യം 4,000 കോടിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
















