തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് വിമര്‍ശിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
മുഖ്യമന്ത്രി സംസാരിച്ച് മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. മൂന്നുമിനിറ്റോളം വാഹനം തടഞ്ഞുവച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല.
മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പോലീസ് വലയം തീര്‍ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കി.
അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്. ഇനിയും വേണ്ടത് ചെയ്യും. തിരച്ചില്‍ സംഘങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ കെ.വാസുകി എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
നേരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്.
എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ മറ്റ് മന്ത്രിമാര്‍ക്ക് നേരെയും പ്രതിഷേധവുമായി എത്തി. രക്ഷാപ്രവര്‍ത്തനം നേരത്തെയാക്കിയിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
















