ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം, നൂറു കണക്കിന് വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍, അമ്പലപ്പുഴയില്‍ വീടും, റോഡും, പീലിങ് ഷെഡും തകര്‍ന്നു. കാട്ടൂരിലും, ഒറ്റമശ്ശേരിയിലും കരയ്‌ക്ക് കയറ്റി വെച്ചിരുന്ന വള്ളങ്ങള്‍ തിരയില്‍പ്പെട്ട് ഒഴുകി പോയി. നിരവധി വള്ളങ്ങള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം. തീരവാസികളാകെ ഭയപ്പാടിലാണ്.
ഏതു നിമിഷവും വന്‍ ദുരന്തം ഉണ്ടാകുമോയെന്ന് അവര്‍ ഭയപ്പെടുന്നു. ഒഴുക്കിലും കടല്‍ക്ഷോഭത്തിലും പെട്ട് മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന എട്ട് മത്സ്യ ബന്ധന വള്ളങ്ങള്‍ തകര്‍ന്നു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറോളം തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇതോടെ ഇല്ലാതായത്. കല്ലുപുരയ്‌ക്കല്‍ ക്ലീറ്റസ്, പള്ളിപ്പറമ്പില്‍ ടൈറ്റസ് ആന്റണി, ജോണ്‍സണ്‍ബെന്നി, വലിയപറമ്പ് വില്‍സന്‍ജെയിംസ്, മാവേലിത്തയ്യില്‍ കോശി, ആറാട്ടുകുളങ്ങര ബെന്നി, പള്ളിപ്പറമ്പില്‍ പൊന്നന്‍, തെക്കേപാലയ്‌ക്കല്‍ ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകര്‍ന്നത്.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ചെട്ടികാടു നിന്നും മൂന്ന് ദിവസം മുമ്പ് അഞ്ചു തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പോയ ജോയല്‍ വള്ളത്തിലെ തൊഴിലാളികളെക്കുറിച്ച് വിവരം ലഭിക്കാത്തത് ആശങ്കയുളവാക്കി. സാധാരണ നാല് ദിവസം കൂടുമ്പോഴാണ് ഇവര്‍ മടങ്ങി വരാറുള്ളത്. എന്നാല്‍ വെള്ളിയാഴ്ച തൊഴിലാളികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
















