തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനി കാര്യ നിയമപ്രകാരം അന്‍വറിനെ കേന്ദ്രസര്‍ക്കാര്‍ അയോഗ്യനാക്കിയിട്ടുണ്ട്. അതോടെ ഒരു കമ്പനിയുടെ ഡയറക്ടറായിരിക്കാനും അന്‍വറിന് നിയമപരമായി അധികാരമില്ലാതായി.
കമ്പനികളുടെ വിവരം മറച്ചുവെച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും അന്‍വര്‍ കബളിപ്പിച്ചു. നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അന്‍വറിന്റെ കമ്പനികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജസത്യവാങ്മൂലം നല്‍കിയ എംഎല്‍എക്കെതിരെ കോടതിയേയും ഗവര്‍ണ്ണറേയും സമീപിക്കും.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നയാളെ സിപിഎം എംഎല്‍എയാക്കിയത് എന്തിനാണെന്ന് വിശദീകരിക്കണം. അന്‍വറിനോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഭയക്കുകയാണ്. അന്‍വറിന്റെ ഇടപാടുകളില്‍ സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടോയെന്ന് സംശയമുണ്ട്.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുന്നണി മര്യാദ തടസ്സമായെന്ന് പറഞ്ഞ പിണറായിക്ക് സ്വന്തം പാര്‍ട്ടി എംഎല്‍എയുടെ രാജി ആവശ്യപ്പെടാന്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.
















