തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്റെ കയ്യേറ്റം തടയാനുള്ള ഉത്തരവ് മയപ്പെടുത്തുന്നു. 2015ലെ കര്‍ശന നിര്‍ദേശങ്ങളുള്ള ഉത്തരവാണ് അപ്രായോഗികം ,അവ്യക്തം എന്നീ കാരണങ്ങള്‍ പറഞ്ഞ് മാറ്റുന്നത്. ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നാണ് ഇടുക്കി ജില്ലാ കളക്ടറുടെ നിലപാട്.
ഉത്തരവില്‍ മാറ്റം നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം എടുക്കുകയും ഇതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കയ്യേറ്റക്കാര്‍ക്കെതിരായ നടപടിയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. കൊട്ടക്കമ്പൂര്‍ വട്ടവട വില്ലേജുകളിലെ കയ്യേറങ്ങളെക്കുറിച്ച് പഠിച്ച നിവേദിത പി. ഹരന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് 2015 ഫെബ്രുവരി 16ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 15 നിര്‍ദേശങ്ങളായിരുന്നു ഉത്തരവിലുള്ളത്.
3200 ഹെക്ടറിലായിരുന്നു 11 വര്‍ഷം മുമ്പ് ഇടുക്കിയില്‍ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനമല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടാവാത്തതോടെ ഭുമിയില്‍ വ്യാജപട്ടയവും മറ്റും ഉപയോഗിച്ചുള്ള കയ്യേറ്റം വര്‍ദ്ധിക്കുകയായിരുന്നു.
















