ചെന്നൈ: യുദ്ധസമയത്ത് ബോംബ് വീണാല്‍ ആരും അറിയാതിരിക്കുമോ? എന്നാല്‍ അങ്ങനെയും സംഭവിച്ചു. സംഭവം നടന്നത് മദ്രാസിലായിരുന്നു. എന്നാല്‍ ഇപ്പോഴല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത്.
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ബോംബാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ മദ്രാസ് നഗരത്തില്‍ നടത്തിയിരുന്നു. വ്യോമാക്രമണത്തെ നേരിടാന്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുകയും സൈറണുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അവസാനം ബോംബ് വീണു. 1943 ഒക്‌ടോബര്‍ 11ന് രാത്രിയില്‍ ജപ്പാന്‍ വിമാനം ബോംബിട്ടു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ജനങ്ങള്‍ ഇക്കാര്യമറിഞ്ഞത്.
വന്‍ വെള്ളപ്പൊക്കത്തിലായിരുന്നു അന്ന് നഗരം. ആ സമയത്ത് റേഡിയോയോ പത്രങ്ങളൊ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ ജപ്പാന്‍ ബോംബിട്ട കാര്യവും അപ്പോള്‍ അറിഞ്ഞില്ല. ജപ്പാന്റെ ഒരു യുദ്ധവിമാനം കുറച്ച് ബോംബുകള്‍ വര്‍ഷിച്ചു.
നോവലിസ്റ്റും ചരിത്രകാരനുമായ വെങ്കടേഷ് രാമകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഈ സംഭവങ്ങള്‍ വിശദീകരിച്ചത്. സിപിആര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാംലോക മഹായുദ്ധവും മദ്രാസും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബാക്രമണത്തെ നേരിടാന്‍ അഞ്ചുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ബോംബ് വീഴുമ്പോള്‍ സൈറണുകള്‍ നിശബ്ദമായിരുന്നു. സെന്റ് ജോര്‍ജ്ജ് കോട്ടയുടെ വടക്കുഭാഗത്തായിട്ടാണ് ബോംബ് പതിച്ചത്. നഗരത്തില്‍ വെളിച്ചമില്ലാത്തതും സൈറണുകള്‍ മുഴങ്ങാത്തത് ജപ്പാനെ അത്ഭുതപ്പെടുത്തിയിരുന്നു.
ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്ന് പതുക്കെ കിംവദന്തികള്‍ പരന്നു. എന്നാല്‍ രണ്ടുപേര്‍ മാത്രമെ കൊല്ലപ്പെട്ടുള്ളുവെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ജനങ്ങളാകെ ഭയപ്പെട്ട സമയമായിരുന്നു അത്.
അരലക്ഷത്തോളം ജനങ്ങള്‍ മദ്രാസില്‍ നിന്നും കുഭകോണം പോലുള്ള ചെറിയ നഗരങ്ങളിലേക്ക് മാറി.
















