വിശ്വഹിന്ദു പരിഷത് അഖില ഭാരതീയ ഹിന്ദു ധര്‍മ്മ സംസദ് വേദി
ഉഡുപ്പി: ലൗ ജിഹാദ് പോലുള്ള സംഭവങ്ങളിലൂടെ മതംമാറിയവരുടെ തിരിച്ചുവരവിന് കുടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍. ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത് അഖില ഭാരതീയ ഹിന്ദു ധര്‍മ്മ സംസദ് വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയുള്ള മതംമാറ്റങ്ങള്‍ വര്‍ധിക്കുന്നു. ഭാരതീയ സംസ്‌കൃതിയെ തന്നെ തുടച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത്തരക്കാരെ ഘര്‍ വാപസി പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായി എതിര്‍ക്കും. അഖില വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ആവശ്യ ഘട്ടത്തില്‍ വിഎച്ച്പി യുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ സ്വയം സുപ്രീംകോടതി ചമയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന വിശ്വഹിന്ദു പരിഷത് ഹിന്ദു ധര്‍മ്മ സംസദിന് ഇന്ന് സമാപനമാകും. രാമക്ഷേത്ര നിര്‍മ്മാണമുള്‍പ്പെടെയുള്ള വിഷയത്തില്‍ ധീരമായ പ്രഖ്യാപനങ്ങളോടെയാണ് ഹിന്ദു ധര്‍മ്മ സംസദിന് കൊടിയിറങ്ങുക. രാമക്ഷേത്ര നിര്‍മ്മാണം, അയിത്തോച്ചാടനം, ഗോസുരക്ഷ, ഹിന്ദു സാമാജിക സുരക്ഷ എന്നീ പ്രധാന വിഷയങ്ങളില്‍ ഇന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും.
അടുത്ത വര്‍ഷം മാര്‍ച്ച് 31 മുതല്‍ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും തുടര്‍ച്ചയായ രാമനാമ ജപത്തിന് തുടക്കമിടും. ഗോക്കളെ കൂടുതലായി വളര്‍ത്താനാവശ്യമായ പ്രോത്സാഹനം നല്‍കും. ഇന്ന് വൈകിട്ട് നഗരത്തെ കാവിയണിയിച്ച് ഒരു ലക്ഷത്തില്‍ കുടുതല്‍ പേര്‍ പങ്കെടുക്കുന്ന മഹാറാലി നടക്കും. സംസദ് വേദിക്കരികില്‍ സജ്ജമാക്കിയ ഹിന്ദുവൈഭവ് പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്.
















