തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി അനര്‍ഹര്‍ക്ക് അനുകൂല്യങ്ങള്‍ ലഭ്യമാവുന്നത് തടഞ്ഞതിലൂടെ രാജ്യത്തിന് 57,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ജലവിഭവ മന്ത്രി അര്‍ജുന്‍ റാംമേഘ്‌വാള്‍ പറഞ്ഞു.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സബ്‌സിഡികള്‍ എന്നിവ അനര്‍ഹര്‍ക്ക് ലഭ്യമാകുന്നത് കണ്ടെത്തി തടഞ്ഞാണ് ഇത് സാധ്യമായത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ ന്യൂഇന്ത്യ- വിഷന്‍ 2022 എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഭാരത് നെറ്റ് പദ്ധതിയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകുന്നതില്‍ ഏറ്റവും പുരോഗതി കൈവരിച്ച കേരളം മാതൃകയാണെന്ന് അര്‍ജുന്‍ രാംമേഘ്‌വാള്‍ ചൂണ്ടിക്കാട്ടി. പൂര്‍ണ്ണമായും സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്ന കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളവും അനുകരണീയമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.എസ്.ഐ കൗണ്‍സില്‍ അംഗം ഗോപാല്‍കൃഷ്ണ അഗര്‍വാള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവന്‍, ലണ്ടനിലെ അന്താരാഷ്‌ട്ര വാലുവേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് നിക്കോലാസ്താല്‍ബോട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















